സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ട ഐപിഎസ് ഓഫിസര്‍ക്ക് മകന്‍ അയച്ച മെസേജ് വൈറലാകുന്നു

 
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡി നേതൃത്വം നല്‍കിയ ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കുകയും പിന്നീട് 2011 മുതല്‍ സസ്‌പെന്‍ഷനില്‍ കഴിയുകയും ചെയ്തിരുന്ന സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുജറാത്ത് ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ മകന്‍ അച്ഛനെഴുതിയ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞദിവസമാണ് ഭട്ടിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയത്. ഇതിനെ തുടര്‍ന്ന് മകന്‍ ശന്തനു എഴുതിയ സന്ദേശം സഞ്ജീവ് ഭട്ട് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുക ആയിരുന്നു.

”ശന്തനു ലണ്ടനിലെ കിംഗ് ക്രോസ് സ്‌റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് എന്നെ സര്‍വീസില്‍ നിന്നും പുറത്താക്കിയ വാര്‍ത്ത അവന്‍ അറിയുന്നത്. അപ്പോള്‍ അവന്‍ എനിക്കയച്ച മെസേജാണിത്. അവനെ പോലൊരു മകനെ ലഭിച്ചതില്‍ ശ്വേതയും, ഞാനും അഭിമാനിക്കുന്നു” എന്നു പറഞ്ഞാണ് സഞ്ജയ് ഭട്ട് മകന്റെ ലെറ്റര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

‘പപ്പാ, ഞാന്‍ നിങ്ങളെ അഭിവാദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു, കാരണം ഈ ദുഖകരമായ ദിവസത്തില്‍ ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത് ബുദ്ധിശാലിയായ, കരുത്തുളള ധൈര്യവാനായ നിങ്ങളെ പോലൊരു ഓഫിസറെയാണ്. ഈ മനോഹരമായ രാജ്യത്ത് ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധ്യവാനാക്കിയതിന്, പൗരന്റെ അവകാശങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പഠിപ്പിച്ചതിന്, ഒരു പൊലീസ് ഓഫിസറെന്ന നിലയ്ക്ക് മുന്നും പിന്നും നോക്കാതെ ശരിക്കുവേണ്ടി നിന്നതിന് പപ്പാ നിങ്ങളുടെ മകന്‍ എന്ന നിലയില്‍ ഞാന്‍ വീണ്ടും നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. നിസഹായരായവരുടെ പോരാട്ടങ്ങളില്‍ കൂടെ നിന്നതിന് ഞാന്‍ നിങ്ങളോട് നന്ദിപറയുന്നു. ഞാനൊരു കാര്യം പറയുവാന്‍ ആഗ്രഹിക്കുകയാണ് പപ്പാ, നിങ്ങളുടെ അവസാനിക്കാത്ത പോരാട്ടങ്ങള്‍ പിന്തുടരുവാന്‍ കൂടെ ഇനി ഞാനുമുണ്ടാകും.

സര്‍വീസില്‍ കയറിയ 27 വര്‍ഷങ്ങളിലും നിങ്ങള്‍ പ്രകടിപ്പിച്ച ധൈര്യവും, ഗവണ്‍മെന്റിനെതിരെ നില്‍ക്കുമ്പോള്‍ പോലും പ്രകടിപ്പിച്ച ഭയമില്ലായ്മയ്ക്കും അവരിങ്ങനെ ആയിരിക്കും മറുപടി തന്നത്. എന്നിരുന്നാലും നമ്മുടെ കുടുംബവും, കുടുംബത്തിലെ ഓരോ അംഗങ്ങളും പപ്പായുടെ പോരാട്ടങ്ങളെ പിന്തുണച്ചും നിലപാടുകളെ ശരിവച്ചും കൂടെ തന്നെയുണ്ടാകും. അവകാശങ്ങള്‍ക്ക് വേണ്ടി ഗവണ്‍മെന്റിനെതിരായി പോലും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അങ്ങയെ ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു പപ്പാ. ജീവിതത്തിലെ ഈ പുതിയ അധ്യായത്തില്‍ അങ്ങ് എടുക്കുന്ന ഓരോ തീരുമാനവും സന്തോഷവും സംതൃപ്തിയും തരുന്നതാകട്ടെ. എല്ലാ തീരുമാനങ്ങളിലും ഞാനും, നമ്മുടെ കുടുംബവും പപ്പായ്‌ക്കൊപ്പം തന്നെയുണ്ടാകുമെന്നും ഞാന്‍ ഓര്‍മിപ്പിക്കുന്നു.

സ്‌നേഹത്തോടെയും ബഹുമാനത്തോടെയും
ശന്തനു

Share this news

Leave a Reply

%d bloggers like this: