നിങ്ങള്‍ക്ക് ഐറിഷ് പൗരത്വമുണ്ടോ?ഉണ്ടെങ്കില്‍ സ്വകാര്യത നഷ്ടമാകും!

ഡബ്ലിന്‍: ഐറിഷ് പൗരത്വം ലഭിച്ച പതിനായിരക്കണക്കിന് പേരുടെ വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ആശങ്കയ്ക്കിടവരുത്തുന്നു.ഓണ്‍ലൈനില്‍ വ്യക്തിഗത വിവരങ്ങള്‍ ലഭ്യമാകുന്നത് സുരക്ഷയെ ബാധിക്കുമോ എന്നും തട്ടിപ്പിനും വഞ്ചനയ്ക്കും ഇരയാകുമോ എന്നുമുള്ള ആശങ്കയാണ് നിലനില്‍ക്കുന്നത്.

ഐറിഷ് പൗരത്വം ലഭിച്ചവരുടെ പേരും പൂര്‍ണമായ മേല്‍വിലാസവും സര്‍ക്കാരിന്റെ ഗസറ്റില്‍ വന്നതിനുശേഷം ഓണ്‍ലൈനില്‍ ലഭ്യമാണ്. Iris Oifigiúil ല്‍ ഉള്ള വിവരങ്ങളില്‍ പൗരത്വം ലഭിച്ചയാള്‍ മുതിര്‍ന്ന പൗരനാണോ പ്രായപൂര്‍ത്തിയാകാത്തയാളാണോ എന്ന വിവരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചില അഡ്രസുകള്‍ 10 വര്‍ഷമായി ഓണ്‍ലൈനില്‍ ലഭ്യമായിരുന്നു. ഇപ്പോഴും ലഭ്യമാണ്. പുതിയതായി പൗരത്വം ലഭിച്ച ഒരു യുവതി തന്റെ പേരും പൂര്‍ണമായ മേല്‍വിലാസവും ഓണ്‍ലൈനില്‍ ലഭ്യമായതിന്റെ ആശങ്ക പങ്കുവെച്ചു. തന്റെ മത്രമല്ല പൗരത്വം ലഭിച്ച 25,000 ത്തോളം പേരുടെ അഡ്രസ് ഓണ്‍ലൈനില്‍ ലഭ്യമാണെന്നും അവര്‍ പറയുന്നു.

എന്നാല്‍ ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുന്ന വ്യക്തിഗത വിവരങ്ങളെക്കുറിച്ച് ആശങ്കവേണ്ടെന്നും pre-internet 1956 മുതല്‍ നിയമപരമായി ഉള്‍പ്പെടുത്തുന്നതാണെന്നും ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ ഓഫീസ് അറിയിച്ചു.

നിയമനിര്‍മ്മാണത്തിലൂടെയോ നിയമം മൂലമോ കോടതി ഉത്തരവ് മൂലമോ ചെയ്യുന്ന നടപടിക്രമങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താനാവില്ലെന്ന് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ പൗരത്വം നല്‍കുന്ന നടപടി പൊതുജനത്തെ ബാധിക്കുന്ന നിയമനിര്‍മ്മാണമാണെന്നും ( public act) അതുകൊണ്ട് ഇതു സംബന്ധിച്ച വിവരങ്ങള്‍ പൊതുജനതാല്‍പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. മാത്രമല്ല വളരെ വിലയേറിയ ഒന്നാണ് അനുവദിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഇതിന്റെ നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

Irish Nationality and Citizenship Regulations 2011 (S.I. 569 of 2011) ലെ 7-ാം വകുപ്പനുസരിച്ച് പേര്, അഡ്രസ്, സര്‍ട്ടിഫിക്കറ്റ് നല്‍കിയ തീയതി, വ്യക്തി പ്രായപൂര്‍ത്തിയായ ആളാണോ അല്ലയോ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമത്തില്‍ നിര്‍വചിച്ചിട്ടുള്ള നടപടിക്രമങ്ങളാണ് പിന്‍തുടരുന്നതെന്നും ഡാറ്റാ കമ്മീഷണര്‍ ഓഫീസ് അറിയിച്ചു.

എന്നാല്‍ ഐറിഷ് പൗരത്വത്തിന് അപേക്ഷ നല്‍കുമ്പോള്‍ പൗരത്വം ലഭ്യമാകുന്നതോടെ തന്റെ പേരും അഡ്രസും ഓണ്‍ലൈനില്‍ കൊടുക്കുമെന്നും ഗൂഗിള്‍ സെര്‍ച്ചിലൂടെ ആര്‍ക്കുവേണമെങ്കിലും ഇത് ലഭ്യമാകുമെന്നുമുള്ള വിവരം തന്നെ അറിയിച്ചില്ലെന്ന് പരാതി ഉന്നയിച്ച യുവതി പറഞ്ഞു. ഒരു വ്യക്തിക്ക് പൗരത്വം നല്‍കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുമെങ്കില്‍ അത് അപേക്ഷകനെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് അവര്‍ പറഞ്ഞു. തന്റെ സ്വകാര്യത, കോണ്‍ഫിഡന്‍ഷ്യാലിറ്റി, സുരക്ഷ എന്നിവയ്ക്കുള്ള അവകാശത്തെയാണ് ഓണ്‍ലൈനില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ലംഘിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ക്രിമിനലുകളോട് പെരുമാറുന്നപോലെയാണ് ഈ നടപടിയെന്നും അവര്‍ ആരോപിച്ചു.

അതേസമയം വ്യക്തികള്‍ക്ക് സെര്‍ച്ച് ലിസ്റ്റില്‍ നിന്ന് ‘right to be forgotten’ ruling ലൂടെ വിവരങ്ങള്‍ നീക്കം ചെയ്യാനാകുമെന്ന് ഡാറ്റാ പ്രൊട്ടക്ഷന്‍ ആന്‍ഡ് പ്രൈവസി ഇഷ്യൂ കണ്‍സള്‍ട്ടന്റ് ഡാറക് ഒ ബ്രെയിന്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: