ആഷ്‌ലി മാഡിസണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നു: രണ്ട് പേര്‍ ആത്മഹത്യ ചെയ്തു

 

ആഷ്‌ലി മാഡിസണ്‍ ഹാക്കിംഗിലൂടെ വിവരങ്ങള്‍ ചോര്‍ന്നതിനെതുടര്‍ന്ന് രണ്ട് പേര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ മാനക്കേട് ഭയന്ന് കാനഡയില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്ത വിവരം ടൊറന്റോ പൊലീസാണ് പുറത്ത് വിട്ടത്. നിരവധിപേരുടെ കുടുംബബന്ധങ്ങള്‍ തകരാറായിലായെന്നും വിവാഹേതര സ്‌നേഹബന്ധങ്ങള്‍ തേടി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ പലരേയും പങ്കാളികള്‍ ലിസ്റ്റ് പരിശോധിച്ച് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഹാക്കര്‍മാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ആഷ്‌ലി മാഡിസണ്‍ കമ്പനി 4 ലക്ഷം ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തു. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നരക്കോടിയോളം പേരുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഇവരുടെ രഹസ്യബന്ധങ്ങള്‍ക്ക് പുറമെ മറ്റ് വ്യക്തി വിവരങ്ങളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ന്നിരുന്നു. ബ്രിട്ടണ്‍, അമേരിക്ക എന്നിവിടങ്ങളിലെ ആളുകളുടെ വിവരങ്ങളായിരുന്നു ചോര്‍ന്നവയില്‍ ഭൂരിഭാഗവും. ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ , വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ചോര്‍ന്നതിനാല്‍ അതീവ ഗൗരവത്തോടെയാണ് ഈ രാജ്യങ്ങള്‍ ഹാക്കിംഗിനെ കണ്ടത്.

Share this news

Leave a Reply

%d bloggers like this: