ഉത്പാദന ചെലവിലും കുറഞ്ഞ വിലയിലുള്ള വില്‍പ്പന…കര്‍ഷകര്‍ ബ്രസല്‍സില്‍ പ്രക്ഷോഭത്തില്‍

ഡബ്ലിന്‍: ബ്രസല്‍സില്‍ ഐറിഷ് കര്‍ഷകരടക്കം യൂറോപിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധത്തില്‍. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. റീട്ടെയില്‍ വില്‍പ്പനക്കാര്‍ ഉത്പാദന ചെലവിലും താഴന്ന വിലയില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് മൂലം സാമ്പത്തിക തകര്‍ച്ച നേരിടുകയാണെന്ന് ചൂണ്ടികാണിച്ചാണ് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രക്ഷോഭകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചിട്ടണ്ട്.

കലാപം തടയുന്നതിനുള്ള പോലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്. യൂറോപിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറായിരത്തോളം കര്‍ഷകരാണ് പ്രക്ഷോഭത്തിനെത്തിയത്. റീട്ടെയിലര്‍മാരുടെ നടപടിയും റഷ്യ  ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി തടഞ്ഞതും മൂലം തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ കമ്മീഷനും കാര്‍ഷികമന്ത്രി ഫിലിപ് ഹോഗനും യോഗം ചേരുന്നതിന് മുന്നോടിയായിട്ടായിരുന്നു പ്രതിഷേധമറിയിക്കാന്‍ പ്രക്ഷോഭകര്‍ അണിനിരന്നത്.

കനത്ത പോലീസ് സന്നാഹമാണ് തെരുവുകളിലുള്ളത്. പോലീസുകാര്‍ക്ക് നേരെ പ്രക്ഷോഭകര്‍ വയ്ക്കോല്‍ മെഷീന്‍ ഉപയോഗിച്ച് വിതറുകയും ചെയ്തു. തുടര്‍ന്ന് ഇവ കൂട്ടിയിട്ട് കത്തിച്ചു. കര്‍ഷകര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വിധത്തിലുള്ള ഉത്പാദനവാശ്യമായവയുടെ ഉയര്‍ന്ന ചെലവും ഉത്പാദന ചെലവിലും താഴ്ന്ന നിരക്കില്‍ റീട്ടെയ്ലര്‍മാര്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പാലുത്പാദന കര്‍ഷകരെ സഹായിക്കുന്നതിന് 800മില്യണ്‍ യൂറോയുടെ ലെവിഫൈന്‍ ഫണ്ട് ഉപയോഗിക്കണം. ഇതില്‍ 70 മില്യണ്‍യൂറോയും അയര്‍ലന്‍ഡില്‍ നിന്ന് പിരിച്ചെടുത്തതായാണ് കണക്കാക്കുന്നത്.

രാഷ്ട്രീയ തീരുമാനങ്ങളുടെ ഇരകളായി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രശ്നപരിഹാരം ആവശ്യമാണെന്നും കര്‍ഷക പ്രതിനിധികള്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: