കര്‍ഷകരെയും തൊഴിലാളികളെയും മറന്ന് നരേന്ദ്ര മോദി ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നു-രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ആ ജനാധിപത്യത്തിന് അടിത്തറ പാകിയ കര്‍ഷകരെയും തൊഴിലാളികളെയും പ്രധാനമന്ത്രി മറന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവരെക്കുറിച്ച് ഒരക്ഷരം പോലും മോദി സംസാരിക്കുന്നില്ല. ഡല്‍ഹിയിലെ ജന്‍പഥ് 10 ല്‍ എത്തിയ ഒരുകൂട്ടം കര്‍ഷകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

ഭൂമിയേറ്റെടുക്കല്‍ ബില്‍ സര്‍ക്കാരിന് പാസ്സാക്കാന്‍ കഴിയാതെ പോയത് കോണ്‍ഗ്രസിന്റെ വിജയം മാത്രമല്ല കര്‍ഷകരുടേതു കൂടിയാണെന്നും രാഹുല്‍ പറഞ്ഞു. രാഹുലിനോടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉണ്ടായിരുന്നു. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസ് നേടിയ വിജയാഘോഷത്തിന്റെ ഭാഗമായാണ് കര്‍ഷകര്‍ക്ക് രാഹുലുമായി സംവദിക്കാനുള്ള അവസരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്.

രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 400 ഓളം കര്‍ഷകര്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം അറിയിച്ച് സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സംസാരിച്ചതായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമരിന്ദര്‍ സിങ് രാജ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: