എ.ആര്‍ റഹ്മാനെതിരായ ഫത്‌വ തള്ളി ഇറാന്‍

 

ഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതകഥ പറയുന്ന മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച എ.ആര്‍.റഹ്മാനെതിരായ ഫത്‌വ ഇറാനിയന്‍ ഗവണ്‍മെന്റ് തള്ളിക്കളയുന്നതായി ഡല്‍ഹിയിലെ ഇറാന്‍ എംബസി അറിയിച്ചു. ഇസ്ലാമിന് നിരക്കാത്തതോ, അനിസ്ലാമികമായതോ ഒന്നും തന്നെ സിനിമയില്‍ ഇല്ലെന്നും ഇറാനിയന്‍ ഗവണ്‍മെന്റ് അറിയിച്ചതായി എംബസി വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാസ അക്കാദമി ചിത്രത്തില്‍ സംഗീതം നല്‍കിയതിന് എ.ആര്‍. റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെ സംവിധായകനായ മജീദി മജീദിക്കെതിരേയും ഫത്‌വയില്‍ പരാമര്‍ശമുണ്ടായിരുന്നു. ചിത്രത്തില്‍ ജോലിചെയ്ത എല്ലാ മുസ്ലിങ്ങളും റഹ്മാനും മജീദി മജീദിയും ഉള്‍പ്പെടെ സത്യവാചകം ചൊല്ലി ഇസ്ലാമിലേക്ക് തിരിച്ചുവരണമെന്നും റാസ അക്കാദമിയുടെ ഫത്‌വയില്‍ സൂചിപ്പിച്ചിരുന്നു.

മൂന്നു ഭാഗങ്ങളായി പുറത്തിറങ്ങുന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തെ ആസ്പദമാക്കിയുളള സിനിമയുടെ ആദ്യഭാഗമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഇറാനിയന്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ പൂര്‍ത്തിയാക്കിയ സിനിമ കാണാതെ വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ലെന്നും, സിനിമ കണ്ടതിനുശേഷം ഏവര്‍ക്കും അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതാണ് നല്ലതെന്നും എംബസിക്ക് ലഭിച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: