മെക്‌സിക്കന്‍ വിദ്യാര്‍ഥികള്‍ കാണാതായ കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

 

മെക്‌സിക്കോ സിറ്റി: പ്രക്ഷോഭത്തിനിടെ 43 മെക്‌സിക്കന്‍ വിദ്യാര്‍ഥികളെ കാണാതായ കേസില്‍ നിര്‍ണായക അറസ്റ്റ്. സംഭവത്തിന്റെ സൂത്രധാരനായ മയക്കുമരുന്ന് മാഫിയ സംഘത്തലവന്‍ ഗില്‍ഡാര്‍ഡോ ലോപസ് അസ്റ്റുഡില്ലോ(36) ആണ് അറസ്റ്റിലായത്. ഗ്വെറേറോ സ്റ്റേറ്റിലെ തെക്കന്‍ നഗരമായ ടാക്‌സോകോയില്‍ നിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്.

നേരത്തെ അറ്റോര്‍ണി ജനറല്‍ ജീസസ് മുറിയൊ കരാം നല്കിയ വീഡിയോ റിപ്പോര്‍ട്ടില്‍, വിദ്യാര്‍ഥികളുടെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ നദിക്കരയില്‍നിന്നും സമീപപ്രദേശങ്ങളില്‍നിന്നും കണ്ടെടുത്തതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് എന്തു സംഭവിച്ചു എന്നതു സംബന്ധിച്ചു വ്യക്തതയില്ലെന്നും വിദ്യാര്‍ഥികളെ ചുട്ടുകൊന്നുവെന്ന സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ തെറ്റാണന്നും ഇന്റര്‍ അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് സംഘടന അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് അയോട്‌സിനാപ്പിലെ അധ്യാപകപരിശീലന കോളജിലെ വിദ്യാര്‍ഥികള്‍ ഇഗ്വാലയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണു വിദ്യാര്‍ഥികളെ കാണാതായത്. പ്രതിഷേധ പ്രകടനത്തിനും പണപ്പിരിവിനുമായായിരുന്നു വിദ്യര്‍ഥികള്‍ പുറപ്പെട്ടത്. കേസുമായി ബന്ധപ്പെട്ടു നേരത്തേ ഗവര്‍ണറെയും സിറ്റി പോലീസ് മേധാവിയെയും അറസ്റ്റ് ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: