മുംബൈ സ്‌ഫോടന പരമ്പര: അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ. മുംബൈ മക്കോക്ക കോടതി പ്രത്യേകജഡ്ജി യതിന്‍ ഡി.ഷിന്‍ഡെയാണ് ശിക്ഷ വിധിച്ചത്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികളില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിട്ടുണ്ട്. മുഹമ്മദ് ഫൈസല്‍ ഷെയ്ഖ്(36), ആസിഫ് ഖാന്‍(38), കമല്‍ അഹമ്മദ് അന്‍സാരി(37), എസ്താഷം സിദ്ദിഖി(30), നവീദ് ഹുസൈന്‍ ഖാന്‍(30) എന്നിവര്‍ക്കാണ് വധശിക്ഷ. തന്‍വീര്‍ അഹമ്മദ് അന്‍സാരി(37), മുഹമ്മദ് മജീദ് ഷാഫി(32), ശൈഖ് അലം ഷെയ്ക്ക്(41), മുഹമ്മദ് സാജിദ് അന്‍സാരി(34), മുസാമില്‍ ശൈഖ്(27), സൊഹൈല്‍ മുഹമ്മദ് ഷെയ്ക്(43), സമീര്‍ അഹമ്മദ് ശൈഖ്(36)എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

ഒമ്പതുവര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് മഹാരാഷ്ട്രാ സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമകോടതി (മകോക്ക) ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റൊരു പ്രതിയായ അബ്ദുള്‍ വാഹിദ് ഷെയ്ഖിനെ (34) കോടതി വെറുതെവിട്ടു. 2006ല്‍ നടന്ന സ്‌ഫോടനത്തില്‍ 188 പേര്‍ കൊല്ലപ്പെട്ടിരുന്നു. 800ഓളം പേര്‍ക്ക് പരിക്കേറ്റു. 12 പ്രതികളില്‍ എട്ടുപേര്‍ക്ക് വധശിക്ഷ നല്‍കണമെന്നതായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

പ്രതികള്‍ യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നും എട്ടു പ്രതികള്‍ മരണത്തിന്റെ വ്യാപാരികള്‍ ആണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ താക്കറെ വാദിച്ചു. ചെയ്ത കുറ്റത്തിന്റെ ഭീകരത കണക്കിലെടുക്കുമ്പോള്‍ പ്രതികള്‍ക്കെല്ലാം വധശിക്ഷ ആവശ്യപ്പെടേണ്ടതാണ്. എന്നാല്‍ താനതിന് മുതിരുന്നില്ലെന്നും നാലുപേര്‍ക്ക് ജീവപര്യന്തം വിധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനം ആസൂത്രണം ചെയ്തത് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളല്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ യുഗ് മോഹിത് ചൗധരി വാദിച്ചത്. അവര്‍ അത് നടപ്പാക്കുന്നതില്‍ പങ്കാളികളായവര്‍ മാത്രമാണ്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ നേതാവായ അസം ചീമയുടെ ഉത്തരവ് അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ വധശിക്ഷ വിധിക്കരുതെന്നും ചൗധരി വാദിച്ചു.

2006 ജൂലായ് 11ന് വൈകീട്ടാണ് മുംബൈ നഗരത്തെ നടുക്കിക്കൊണ്ട് ഏഴ് ലോക്കല്‍ തീവണ്ടികളില്‍ സ്‌ഫോടനപരമ്പര നടന്നത്. 11 മിനിറ്റിന്റെ ഇടവേളയിലുണ്ടായ സ്‌ഫോടനങ്ങളില്‍ 188 പേരാണ് മരിച്ചത്. എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കേസില്‍ അറസ്റ്റിലായ 13 പ്രതികളില്‍ 12 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

Share this news

Leave a Reply

%d bloggers like this: