മൂന്നുമാസത്തിനുള്ളില്‍ 150 മോഡുലാര്‍ വീടുകള്‍, ഭവനപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം

 

ഡബ്ലിന്‍: ഭവനപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആദ്യ 150 മോഡുലാര്‍ ഹൗസിംഗ് യൂണിറ്റുകള്‍ അടിയന്തരമായി നിര്‍മ്മിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത നാലുമാസത്തിനുള്ളില്‍ 150 വീടുകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഡബ്ലിനില്‍ 500 മോഡുലാര്‍ ഹൗസുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ഡബ്ലിനിലെ ഹോട്ടലിലും മറ്റുമായി എമര്‍ജന്‍സി അക്കോമഡോഷനില്‍ താമസിക്കുന്നവര്‍ക്കായാണ് മോഡുലാര്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. ഒരു യൂണിറ്റിന് സ്ഥലമുള്‍പ്പെടെ 1 ലക്ഷം യൂറോ ചെലവ് വരും. മോഡുലാര്‍ വീടുകളുടെ നിലവാരത്തില്‍ തൃപ്തനാണെന്ന് പ്രധാനമന്ത്രി എന്‍ഡ കെനി അറിയിച്ചു.

അയര്‍ലന്‍ഡില്‍ ഭവനപ്രതിസന്ധി രൂക്ഷമാകുകയാണ്. കുട്ടികളടങ്ങുന്ന ഭവനരഹിതരായ കുടുംബങ്ങള്‍ തെരുവിലും കാറുകളിലും മറ്റും തലചായ്ക്കാനൊരിടം കണ്ടെത്തുന്നുവെന്ന് സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭവനപ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരം കണ്ടെത്തിയില്ലെങഅകില്‍ തണുപ്പു വര്‍ധിക്കുന്നതോടെ തെരുവിലുറങ്ങുന്നവരുടെ സ്ഥിതി വളരെ മോശമാകുമെന്നും സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കി.

മഞ്ഞുകാലത്ത് DRHE 100 ബെഡുകള്‍ കൂടി അധികമായി ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞമാസം 1275 കുട്ടികളുള്ള 607 കുടുംബങ്ങള്‍ ഡബ്ലിനില്‍ എമര്‍ജന്‍സി അക്കോമഡേഷനിലുണ്ട്. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.

Share this news

Leave a Reply

%d bloggers like this: