ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കോ..?ചൈനയുടെ വളര്‍ച്ച നിരക്ക് കുറയുമ്പോള്‍ ആശങ്കയോടെ IMF

 

കുതിച്ചുയര്‍ന്ന ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാകുന്നത് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിനെ (IMF) ആശങ്കയിലാഴ്ത്തുന്നു. 6.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന IMF പ്രവചനങ്ങളെ തകിടം മറിച്ചുകൊണ്ട് ചൈനീസ് സമ്പദ് വ്യവസ്ഥ 6.3 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. ലോക സാമ്പത്തിക വളര്‍ച്ച നിരക്ക് നേരത്തെ പ്രവചിച്ചിരുന്ന 3.3 ശതമാനത്തില്‍ നിന്ന് 3.1 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍. 2009 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് നടന്നടുക്കുന്നതിന്റെ സൂചനയാണിതെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു. ആഗോള സമ്പദ് വ്യവസ്ഥ 3.1 ശതമാനവും അടുത്ത വര്‍ഷം 3.6 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ് IMF കഴിഞ്ഞദിവസം പ്രവചിച്ചത്. നേരത്തേ പ്രവചിച്ചതിനേക്കാള്‍ 0.2 ശതമാനം താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്.

എണ്ണയുടെ വില താഴ്ന്നതും ചൈനീസ് സമ്പദ് രംഗത്തനുഭവപ്പെടുന്ന മാന്ദ്യവും ഓഹരി വിപണിയിലെ കനത്ത ഇടിവും മാന്ദ്യത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. എന്നിരുന്നാലും വികസിത രാജ്യങ്ങള്‍ 2009 ലെ മാന്ദ്യത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയില്‍ നിന്ന് കരകയറി ആറുവര്‍ഷത്തിന് ശേഷവും കരുത്താര്‍ജ്ജിച്ച ഒരു ആഗോള സമ്പദ് വ്യവസ്ഥയും വികാസവും പിടിതരാതെ വഴുതിമാറുകയാണെന്ന് IMF ചീഫ് ഇ്ക്കണോമിസ്റ്റ് മൗറിസ് ഒബ്‌സ്റ്റ്‌ഫെല്‍ഡ് പറയുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പ്രവചിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ അപകടകരമായ അവസ്ഥയിലൂടെയാണ് ആഗോള സമ്പദ് രംഗം കടന്നുപോകുന്നത്.

ചൈനയുടെ സാമ്പത്തിക വളര്‍ച്ച 6.3 ശതമാനമെന്നത് 25 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ബ്രസീലിയന്‍ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം മൂന്നുശതമാനമാകും. അടുത്ത വര്‍ഷം ഒരു ശതമാനമായും കുറയും. IMF പ്രവചിച്ചതിനേക്കാള്‍ രണ്ടുമടങ്ങ് കുറവാണിത്. സബ് സഹാറന്‍ ആഫ്രിക്കയില്‍ വളര്‍ച്ചാ നിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ 1.2 ശതമാനം കുറഞ്ഞ് 3.8 ശതമാനത്തിലെത്തിയിരിക്കുകയാണ്. ആഗോള സമ്പദ് രംഗം മാന്ദ്യത്തിന്റെ പിടിയിലേക്ക് വീണ്ടും തെന്നി വീഴുമോ എന്ന ആശങ്ക സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ വ്യാപിച്ചുകഴിഞ്ഞു. IMF ഉം ആശങ്കയിലാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: