കെ.പി. ശര്‍മ ഓലി നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി 

 

കാഠ്മണ്ഡു: കെ.പി. ശര്‍മ ഓലി നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സുശീല്‍ കൊയ്‌രാളയെ പരാജയപ്പെടുത്തിയാണു ശര്‍മ ഓലി പുതിയ പ്രധാനമന്ത്രിയായത്. രാജ്യത്ത് പുതിയതായി പാസാക്കിയ ഭരണഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുവാനുള്ള സാഹചര്യങ്ങളിലേക്കു വഴിവച്ചത്. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ സിപിഎന്‍-യുഎംഎല്‍ സ്ഥാനാര്‍ഥിയായ ശര്‍മ്മ ഓലിക്ക് 338 വോട്ടുകള്‍ ലഭിച്ചു. പ്രധാനമന്ത്രിയാകാന്‍ ലഭിക്കേണ്ട വോട്ടുകളെക്കാളും 39 വോട്ടുകള്‍ അധികമായി ശര്‍മയ്ക്കു ലഭിച്ചു. വിവിധ പാര്‍ട്ടികളും ശര്‍മയ്ക്കു പിന്തുണ നല്‍കിയിരുന്നു.

നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായ കൊയ്‌രാളയ്ക്കു 249 വോട്ടുകള്‍ നേടുവാനേ സാധിച്ചുള്ളൂ. ആകെ 587 അംഗങ്ങളാണു വോട്ട് ചെയ്തത്. 63 -കാരനായ ശര്‍മ ഓലിയെ സിപിഎന്‍-യുഎംഎല്‍ പാര്‍ട്ടി ചെയര്‍മാനായി കഴിഞ്ഞ വര്‍ഷം തന്നെ തെരഞ്ഞെടുത്തിരുന്നു.

തെക്കന്‍ നേപ്പാളില്‍ താമസിക്കുന്ന മദ്‌ഹെസി, താരു വിഭാഗങ്ങള്‍ക്കു പുതിയ ഭരണഘടന പ്രകാരം ആവശ്യത്തിനു പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നു വന്നിരുന്നു. ഇതേ തുടര്‍ന്ന് നേപ്പാളില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുകയും പിന്നീട് ഇത് സംഘര്‍ഷത്തിലേക്കു വഴി മാറുകയുമായിരുന്നു. 40 പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. ഇന്ത്യയുമായി നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്ന പല സ്ഥലങ്ങളും ഇതേത്തുടര്‍ന്ന് അടയ്ക്കുകയും അവശ്യ സാധനങ്ങള്‍ക്ക് നേപ്പാളില്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: