‘ഭജ്‌രംഗീ ഭായിജാന്‍’ 15 വര്‍ഷത്തിന് ശേഷം ഗീത പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക്

 

ഡല്‍ഹി: സല്‍മാന്‍ ഖാന്റെ അടുത്തിടെ പുറത്തിറങ്ങിയ ഭജ്‌രംഗീ ഭായീജാന്‍ എന്ന സിനിമയുടെ കഥയുമായി സാമ്യമുള്ളതാണ് ഗീതയുടെ ജീവിതവും. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ ഊമയായ പെണ്‍കുട്ടിയെ തിരികെ പാക്കിസ്ഥാനിലെത്തിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഉള്ളടക്കം. സിനിമ സൂപ്പര്‍ഹിറ്റായതോടെയാണ് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴിതെറ്റി പാക്കിസ്ഥാനിലെത്തിയ ഊമയും ബധിരയുമായ ഇന്ത്യന്‍ പെണ്‍കുട്ടി ഗീതയുടെവിവരവും മാധ്യമങ്ങളിലൂടെ പുറംലോകമറിയുന്നത്. 15 വര്‍ഷത്തിന് ശേഷം ഗീതയുടെ കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ബിഹാറിലാണ് ഗീതയുടെ ബന്ധുക്കള്‍ കഴിയുന്നത്. പെണ്‍കുട്ടിയെ ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന് സുഷമാ സ്വരാജ് പറഞ്ഞു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ചാരിറ്റി ഗ്രൂപ്പായ ‘ഈഥി’യുടെ കീഴിലാണ് ഗീത ഇപ്പോള്‍ കഴിയുന്നത്. ഇപ്പോള്‍ 23 വയസുള്ള ഗീത തന്റെ സഹോദരങ്ങളെ ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞെന്ന് ചാരിറ്റിയുടെ വക്താവ് അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആണ് ഗീതയുടെ സഹോദരന്മാരുടെയും കുടുംബാംഗങ്ങളുടെയും പഴയ ഒരു ഫോട്ടോ തിരിച്ചറിയലിനായി അയച്ചുകൊടുത്തത്.

ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് സര്‍വീസ് നടത്തുന്ന സംത്സോത എക്‌സ്പ്രസിലാണ് ഗീത പാക്കിസ്ഥാനില്‍ എത്തപ്പെടുന്നത്. ട്രെയിനില്‍ തനിച്ചിരിക്കുകയായിരുന്ന ഗീതയെ പാക്കിസ്ഥാന്‍ അധികൃതര്‍ കണ്ടെടുക്കുകയും ചാരിറ്റിയില്‍ വളര്‍ത്തുകയുമായിരുന്നു. ഊമയായതിനാലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തുന്നത് വൈകിയത്.

ബജ്രംഗി ഭായ്ജാന്‍’ സിനിമയുടെ പശ്ചാത്തലത്തില്‍ ഗീത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഇതോടെ എദി ഫൗണ്ടേഷന്റെ പ്രമുഖപ്രവര്‍ത്തകനും ബില്‍ക്കീസ് എദിയുടെ മകനുമായ ഫൈസല്‍ എദിയും സാമൂഹികപ്രവര്‍ത്തകനും മുന്‍ പാക് മന്ത്രിയുമായ അന്‍സാര്‍ ബര്‍ണിയും ചിത്രത്തിലെ നായകനെ പോലെ ഗീതയുടെ മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലെ ബന്ധുക്കളെ കണ്ടെത്തി അവളെ തിരിച്ചയയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പൂര്‍ണസഹായം വിദേശമന്ത്രി സുഷമാ സ്വരാജും വാഗ്ദാനം ചെയ്തിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: