ബീഫ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് അമിത് ഷായുടെ താക്കീത്

ന്യൂഡല്‍ഹി: ബീഫിനെക്കുറിച്ച് വിവാദപരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കന്മാരെ വിളിച്ചുവരുത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ താക്കീത് നല്‍കി. ഇത്തരം വിവാദപരാമര്‍ശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ രോഷാകുലനായിനാലാണ് നടപടിയെന്ന് അമിത് ഷായോട് അടുത്ത വൃത്തങ്ങള്‍പറഞ്ഞു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ, സംഗീത് സോം, സാക്ഷി മഹാരാജ് എന്നിവരെയാണ് വിളിച്ചുവരുത്തി ശാസിച്ചത്. മാട്ടിറച്ചി വിരുന്നിന്റെ പേരില്‍ ജമ്മുകശ്മീരിലെ എം.എല്‍.എ.യെ നിയമസഭയില്‍ മര്‍ദിച്ച ബി.ജെ.പി. എം.എല്‍.എ.മാരെ പാര്‍ട്ടി നേതാവും എം.പി.യുമായ സാക്ഷി മഹാരാജ് നായീകരിച്ചിരുന്നു. ‘നേതാക്കളുടെ മനോഭാവം മാറിയില്ലെങ്കില്‍ അവര്‍ പരസ്യമായി അടി കൊള്ളേണ്ടിവരുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുസ്ലിങ്ങള്‍ മാട്ടിറച്ചി തിന്നുന്നത് നിര്‍ത്തണമെന്ന ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രസ്താവനയെയും അദ്ദേഹം പിന്തുണച്ചിരുന്നു. ‘പശുക്കളെ കൊല്ലുന്നവരെ തൂക്കിക്കൊല്ലാന്‍ നിയമംവേണം. മതവികാരത്തെ വ്രണപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല. വികാരം മാനിക്കാത്തതുകൊണ്ടാണ് കാശ്മീരിലെ എം.എല്‍.എ. തല്ലുകൊണ്ടത്. അത് സ്വാഭാവികമായ പ്രതികരണം മാത്രമാണ്’ മഹാരാജ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഉനാവില്‍ നിന്നുള്ള എം.പി.യായ മഹാരാജ് മുമ്പും വര്‍ഗീയ പ്രസ്താവനകളിലൂടെ വിവാദത്തിലായിരുന്നു. ഹിന്ദുമതം നിലനില്‍ക്കണമെങ്കില്‍ എല്ലാ ഹിന്ദു സ്ത്രീകള്‍ക്കും കുറഞ്ഞത് നാലുകുട്ടികള്‍ വേണമെന്നായിരുന്നു ഒരു പ്രസ്താവന. പശുമാംസം കഴിക്കുന്ന രാഹുല്‍ ഗാന്ധി കേദാര്‍നാഥ് സന്ദര്‍ശിച്ചതാണ് നേപ്പാളില്‍ ആയിരങ്ങളുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന് കാരണമെന്നായിരുന്നു മറ്റൊരു പ്രസ്താവന. ഗോഡ്‌സെ ദേശീയവാദിയാണെന്നും ഗാന്ധിജിയോടൊപ്പം ആദരിക്കേണ്ട വ്യക്തിയാണെന്നും പറഞ്ഞ് പുലിവാലു പിടിച്ചപ്പോള്‍ ലോക്‌സഭയില്‍ മാപ്പു പറഞ്ഞാണ് തടിയൂരിയത്.

Share this news

Leave a Reply

%d bloggers like this: