ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ബലാത്സംഗത്തിന് ഇരയായത് 13,833 കുട്ടികള്‍

ചെന്നൈ: ഇന്ത്യയില്‍ 2014ല്‍ ബലാത്സംഗത്തിനിരയായത് 13,833 കുട്ടികള്‍. 2010ല്‍ ഇത് 5,484 ആയിരുന്നുവെങ്കില്‍ 2012ല്‍ 8,541ല്‍ എത്തി. 2014ല്‍ ഇത്തരം കേസുകളുടെ എണ്ണത്തില്‍ 150 ശതമാനത്തിലധികമാണ് വര്‍ധനയുണ്ടായിട്ടുള്ളത്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കാണിത്.

മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ബലാത്സംഗത്തിനിരയായിട്ടുള്ളത് 2352 പേര്‍. മഹാരാഷ്ട്രയില്‍ 1,714 കുട്ടികളും ഉത്തര്‍പ്രദേശില്‍ 1,538 പേരും ഡല്‍ഹിയില്‍ 1004 കുട്ടികളും കഴിഞ്ഞവര്‍ഷം ഇരയായി. ദക്ഷിണേന്ത്യയില്‍ പൊതുവേ ഇതിന്റെ തോത് കുറവാണ്. 2014ല്‍ കര്‍ണാടകയില്‍ 699 കുട്ടികളും കേരളത്തില്‍ 763 പേരും തെലങ്കാനയില്‍ 594 പേരും ആന്ധ്രയില്‍ 479 കുട്ടികളും ബലാത്സംഗത്തിനിരയായി. തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ ഒരു കേസുപോലും ഉണ്ടായിട്ടില്ലെന്നാണ് എന്‍.സി.ആര്‍.ബി.യുടെ കണക്കുകളില്‍നിന്നുള്ള വിവരം.

2014ല്‍നടന്ന ബലാത്സംഗക്കേസുകളില്‍ 86 ശതമാനവും കുട്ടികളുമായി അടുത്തുപരിചയമുള്ളവര്‍ നടത്തിയതാണ്. 11നും 18നും ഇടയില്‍ പ്രായമുള്ളവരാണ് ലൈംഗികപീഡനത്തിനിരയായവരില്‍ 50 ശതമാനം പേര്‍. ഇതില്‍ 91 ശതമാനംപേരും പരിചിതരാല്‍ പീഡനമേറ്റുവാങ്ങിയവരും. കുടുംബത്തിനുള്ളില്‍ ബന്ധുക്കള്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങളും വിരളമല്ലെന്ന് എന്‍.സി.ആര്‍.ബി. ചൂണ്ടിക്കാട്ടുന്നു.

 

Share this news

Leave a Reply

%d bloggers like this: