വിഷ്ണു ഗുപ്തയെ നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, കേരള ഹൗസില്‍ ഇന്ന് വിളമ്പിയത് 30 കിലോ ബീഫ്

 

ഡല്‍ഹി: കേരളാ ഹൗസില്‍ ഗോമാംസം വില്‍ക്കുന്നുവെന്ന് പൊലീസിന് പരാതി നല്‍കിയ ഹിന്ദുസേന ദേശീയ അദ്ധ്യക്ഷന്‍ വിഷ്ണു ഗുപ്തയെ നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഗോമാംസം വില്‍ക്കുന്നതിനെതിരെ സംഘര്‍ഷം നടക്കുന്നു എന്ന വ്യാജ പരാതി നല്‍കിയതിനാണ് ഹിന്ദുസേന ദേശീയ അദ്ധ്യക്ഷന്‍ വിഷ്ണു ഗുപ്തയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ അഡീഷണല്‍ പൊലീസ് കമ്മീഷണറുടെ മുമ്പാകെ ഹാജരാക്കിയ വിഷ്ണു ഗുപ്തയെ നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതേസമയം ഇന്ന് കേരളാ ഹൗസില്‍ 30 കിലോ ബീഫാണ് വിളമ്പിയത്. പൊലീസ് നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി പേരാണ് ഇപ്പോഴും ഇവിടെ ബീഫ് കഴിക്കാന്‍ എത്തുന്നത്.

ബീഫ് പരിശോധന നടത്തിയതില്‍ ദില്ലി പൊലിസിന് നിയമപരമായി പിഴവുകള്‍ പറ്റിയെന്ന വിമര്‍ശനവും ശക്തമാകുകയാണ്. 1994ലെ കന്നുകാലിസംരക്ഷണ നിയമപ്രകാരമാണ് ദില്ലിയില്‍ ഗോവധം നിരോധിച്ചത്. നിയമം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം മൃഗസംരക്ഷണ ഡയറക്ടര്‍ക്കാണ്. ഗോമാംസം വിറ്റു എന്ന പരാതിയുണ്ടെങ്കില്‍ പരിശോധനക്ക് എത്തേണ്ടത് ആരോഗ്യ വകുപ്പ് അധികൃതര്‍ക്കൊപ്പം മൃഗസംരക്ഷണ ഡയറക്ടറാണ്. സഹായത്തിന് വേണ്ടി പൊലീസിനെയും കൂടെകൂട്ടാം.പൊലീസിനാണ് നേരിട്ട് പരാതി ലഭിക്കുന്നതെങ്കില്‍ പൊലീസ് അത് മൃഗസംരക്ഷണ വകുപ്പിന് അറിയിക്കണമായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: