’91 വയസുള്ള പാര്‍ക്കിണ്‍സണ്‍ രോഗി 29 മണിക്കൂര്‍ ട്രോളിയില്‍ കഴിഞ്ഞതെങ്ങനെയെന്ന് മനസിലാകുന്നില്ല, സംഭവം ഞെട്ടിക്കുന്നതെന്ന്’ പ്രധാനമന്ത്രി

 

ഡബ്ലിന്‍: താല ഹോസ്പിറ്റലില്‍ 91 വയസുള്ള പാര്‍ക്കിണ്‍സണ്‍ രോഗി എങ്ങനെ 29 മണിക്കൂര്‍ ട്രോളിയില്‍ കഴിഞ്ഞെന്ന് മനസിലാകുന്നില്ലെന്നും സംഭവം ഞെട്ടിക്കുന്നതാണെന്നും പ്രധാനമന്ത്രി. താല ഹോസ്പിറ്റലില്‍ 91 വയസുപ്രായമുളള ദമ്പതിമാര്‍ക്ക് 29 മണിക്കൂറോളം ട്രോളിയില്‍ കാത്തിരിക്കേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റായ ഡോ. ജെയിംസ് ഗ്രെ ആരോഗ്യമന്ത്രിയിയ്ക്കും മുതിര്‍ന്ന് ഹെല്‍ത്ത് മാനേജേഴ്‌സിനും എഴുതിയ ഇമെയില്‍ പുറത്തായതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി എന്‍ഡ കെനിയുടെ പ്രതികരണം.

പാര്‍ക്കിണ്‍സണ്‍ രോഗിയായ 91 വയസുകാരന് ട്രോളിയില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്കിനും കോലാഹലങ്ങള്‍ക്കുമിടയില്‍ ഉറങ്ങാന്‍ പോലുമാകാതെ ഒരു ദിവസത്തിലേറെ കഴിയേണ്ടി വന്നുവെന്നാണ് ഡോ.ജയിംസ് വ്യക്തമാക്കുന്നത്. രോഗിയുടെ ഭാര്യയ്ക്കും ഏഴു മണിക്കൂറോളം ട്രോളിയില്‍ ബെഡ് ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടി വന്നു.

നമ്മുടെ രാജ്യത്തെ പ്രവര്‍ത്തനക്ഷമമല്ലാത്ത ഭരണസംവിധാനം പ്രത്യേകപരിചരണവും ശ്രദ്ധയും നല്‍കേണ്ട മുതിര്‍ന്ന പൗരന്‍മാരെ എത്ര അപമാനകരമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നതിന് ഉദാഹരണമാണ് ട്രോളിയില്‍ 29 മണിക്കൂര്‍ കഴിയേണ്ടി വന്ന ഈ പ്രായമായ മനുഷ്യനെന്ന് ഡോക്ടര്‍ പറയുന്നു. ട്രോളിയില്‍ കിടന്ന് അദ്ദേഹം യാതനയനുഭവിക്കുകയാണ്. അദ്ദേഹത്തിന്റെ സ്വകാര്യതയും അന്തസും കളങ്കപ്പെടുന്നു. ഈ പ്രായത്തിലുള്ള ഒരാളോടും ഇത്രത്തോളം മനുഷ്യത്വരഹിതമായി പെരുമാറരുതെന്നും അദ്ദേഹം ഹോസ്പിറ്റല്‍ സിഇഒ യ്ക്കും ലിയോ വരേദ്കറിനും അയച്ച ഇമെയിലില്‍ അദ്ദേഹം പറയുന്നു. ട്രോളിയില്‍ കിടക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വേദനസഹിക്കാനാകുന്നില്ലെന്ന് ആ വൃദ്ധന്‍ പറഞ്ഞതായും ഡോക്ടര്‍ കുറിക്കുന്നു.

101 വയസുള്ള രോഗിയെ ഒരു ദിവസത്തിലേറെ ട്രോളിയില്‍ കിടത്തിയ സംഭവമുണ്ടായപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അധികാരികള്‍ വാഗ്ദാനം നല്‍കിയതാണ്. ട്രോളി പ്രതിസന്ധി കൂടുതല്‍ മോശമാകുന്നതല്ലാതെ യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ല. ജീവനക്കാരുടെ അഭാവവും പരിഹരിക്കപ്പെടാതെ തുടരുകയാണെന്നും ഡോക്ടര്‍ പറയുന്നു.

ഡോക്ടറുടെ ആശങ്കകള്‍ യാഥാര്‍ത്ഥ്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യസംവിധാനം കാര്യക്ഷമമല്ലാത്തതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് 91 വയസുകാരനെ ട്രോളിയില്‍ 29 മണിക്കൂര്‍ കാത്തിരിക്കേണ്ട അവസ്ഥയിലേക്ക് നയിച്ചത്. ഇത്തരമൊരു സംഭവം ഉണ്ടാവരുതായിരുന്നുവെന്നും ഇതില്‍ ഹോസ്പിറ്റലിന് എന്താണ് പറയാനുള്ളതെന്നറിയണമെന്നും എന്‍ഡ കെനി പറഞ്ഞു. ഹോസ്പിറ്റലുകളിലെ അനിയന്ത്രിതമായ തിരക്ക് ഒരു വലിയ പ്രശ്‌നം തന്നെയാണ്. പക്ഷേ വെയ്റ്റിംഗ് ലിസ്റ്റ് 16 ആഴ്ചയില്‍ നിന്ന് 4 ആഴ്ചയായി ചുരുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കെനി പറഞ്ഞു.

ഫിയന്ന ഫെയില്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിനാണ് താല ഹോസ്പിറ്റലിലെ ട്രോളി പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് വിശദീകരണം തേടിയത്. ഹോസ്പിറ്റലുകളുടെ തെറ്റായ മാനേജ്‌മെന്റ് നടപടികള്‍ മൂലം നമ്മുടെ സംവിധാനത്തില്‍ ഒരു മരണം സംഭവിച്ചാല്‍ മാത്രമേ നമ്മള്‍ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കൂ എന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

താല ഹോസ്പിറ്റലിലെ സംഭവം യാതൊരു തരത്തിലും അംഗീകരിക്കാനാകാത്തതാണെന്ന് ഐറിഷ് പേഷ്യന്റ് അസോസിയേഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ മക്മഹന്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: