ഫ്രാന്‍സിന് വീണ്ടും ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ഭീഷണി

പാരീസ്:  ഫ്രാന്‍സിന് വീണ്ടും ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ഭീഷണി. നിങ്ങളുടെ രാജ്യം തകര്‍ക്കാന്‍ ഞങ്ങള്‍ വരുന്നെന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഭീഷണി വീഡിയോയില്‍ കാണുന്നത്.ഈഫല്‍ ടവര്‍ നിലംപൊത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഭീഷണി വന്നിരിക്കുന്നത്. എവിടെ വെച്ചാണ് ഇത് ഷൂട്ട് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്ദേയ്ക്കുള്ള സന്ദേശം എന്ന നിലയിലാണ് വീഡിയോയില്‍ കാണപ്പെടുന്നയാള്‍ ഭീഷണി മുഴക്കിയിട്ടുള്ളത്.

”ഫ്രാങ്കോയിസ് നിങ്ങള്‍ പ്രഖ്യാപിച്ച യുദ്ധം നിങ്ങള്‍ക്ക് ഒരിക്കലും ജയിക്കാനാകില്ല. പാശ്ചാത്യ രാജ്യത്തെ ജനങ്ങള്‍ക്കായി നിങ്ങളുടെ രാജ്യക്കാരോട് വിജയം നിങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടായിരിക്കാം. പക്ഷേ സൃഷ്ടാവ് വിജയം ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഒരിക്കലും സംഭവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമാണ് ഇത്. ഞങ്ങള്‍ നിങ്ങളുടെ രാജ്യത്തെ തകര്‍ക്കാന്‍ വരികയാണ്.” ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. 2009 ലെ ഒരു ആക്ഷന്‍ സിനിമയില്‍ നിന്നും എടുത്തിട്ടുള്ള ഈഫല്‍ ടവര്‍ തകര്‍ന്നുവീഴുന്ന രംഗമുള്ള വീഡിയോ ഇന്നലെയാണ് ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദി സംഘടന പുറത്തുവിട്ടത്.

പാരീസ് തകരുന്നു എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലൂടെ 130 പേരെ കൊല്ലുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത രീതിയിലുള്ള ആക്രമണം ഇനിയും ഫ്രഞ്ച് തലസ്ഥാനത്ത് അരങ്ങേറാന്‍ പോകുന്നെന്ന് പറയുന്നു. ഫ്രഞ്ച് സൈന്യം സിറിയയില്‍ ബോംബ് ഇടുന്നതിന്റെയും ഈഫല്‍ ടവര്‍ വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ ഇടകലര്‍ത്തിയാണ് വീഡിയോ. ന്യൂയോര്‍ക്കിലും വാഷിംഗ്ഡണ്‍ ഡിസിയിലും ആക്രമണം നടത്തുമെന്ന് അമേരിക്കയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയാണ് ഇതിന് മുമ്പ് എത്തിയത്.

Share this news

Leave a Reply

%d bloggers like this: