ദൈവത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ തടയാന്‍ മതങ്ങള്‍ തമ്മില്‍ സംവാദം അനിവാര്യമെന്ന് മാര്‍പാപ്പ

 

നെയ്‌റോബി: ദൈവത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ മതങ്ങള്‍ തമ്മിലുള്ള സംവാദം അനിവാര്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരം അക്രമങ്ങളെ നീതീകരിക്കാനാവില്ല. ഇത് യുവാക്കളെ പഠിപ്പിക്കാന്‍ സംവാദം അനിവാര്യമാണെന്നും കെനിയ സന്ദര്‍ശനത്തിനിടെ മതനേതാക്കളുമായി സംസാരിക്കവെ പോപ്പ് പറഞ്ഞു.

മുസ്ലീം തീവ്രവാദി ആക്രമണങ്ങള്‍ കെനിയയില്‍ സാധാരണമായിരിക്കുന്ന സാഹചര്യത്തില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ നിലനില്‍ക്കുന്ന വിടവ് ലഘൂകരിക്കുകയാണ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിലെ മുഖ്യലക്ഷ്യം. ചെറുപ്പക്കാര്‍ മതത്തിന്റെ പേരില്‍ ആക്രമണമഴിച്ചുവിടുന്നത് ഭയവും വിദ്വേഷവും വര്‍ധിക്കുന്നതിനേ ഉപകരിക്കൂ. മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. 2013ല്‍ സൊമാലിയയിലെ അല്‍ ഷബാബിലും നെയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് വ്യാപാര സമുച്ചയത്തിലും ഈ വര്‍ഷം ഗാരിസ യൂണിവേഴ്‌സിറ്റിയിലും നടന്ന തീവ്രവാദി ആക്രമണത്തെയും അദ്ദേഹം പരാമര്‍ശിച്ചു.

ചര്‍ച്ചയ്ക്കിടെ കെനിയ മുസ്ലിം പരമാധികാര കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുള്‍ ഹഫാര്‍ അല്‍ ബസൗദി പരസ്പര സഹകരണത്തിനും സഹഷ്ണുതയ്ക്കും ആഹ്വാനം ചെയ്തു. നെയ്‌റോബി സര്‍വകലാശാല മൈതാനത്തെ തുറന്ന വേദിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത കുര്‍ബ്ബാനയ്ക്കും പാപ്പ നേതൃത്വം നല്‍കി. പ്രസിഡന്റ് ഉഹ്രു കെനിയാട്ടയും കുര്‍ബാനയില്‍ പങ്കുകൊണ്ടു. മൂന്നു ലക്ഷത്തോളം വിശ്വാസികളാണ് പലര്‍ച്ചെ മൂന്നുമണിവരെ പാപ്പയെ കാണാന്‍ കാത്തുനിന്നു. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് പോപ്പ് ആഫ്രിക്കയിലെത്തിയത്. കെനിയയെ കൂടാതെ ഉഗാണ്ടയിലും സെന്‍ട്രല്‍ ആഫിക്കയിലും പോപ്പ് സന്ദര്‍ശനം നടത്തും.
-എജെ-

Share this news

Leave a Reply

%d bloggers like this: