ആളുമാറി ഓപ്പറേഷന്‍ ചെയ്തതടക്കം ഐറിഷ് ഹോസ്പിറ്റലിലെ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഡബ്ലിന്‍: കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ ഐറിഷ് ഹോസ്പിറ്റലുകളില്‍ ഗുരുതരമായ ചികിത്സാപിഴവുകളെന്ന് എച്ച്എസ്ഇ റിപ്പോര്‍ട്ട്. ആളുമാറി ഓപ്പറേഷന്‍ ചെയ്യുക, സര്‍ജറി ആവശ്യമില്ലാത്ത ശരീരഭാഗത്തിന് സര്‍ജറി നടത്തുക, തെറ്റായ രീതിയിലുള്ള സര്‍ജിക്കല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് ഐറിഷ് ഹോസ്പിറ്റലുകളില്‍ ഉണ്ടായതെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് എച്ച്എസ്ഇ പുറത്തുവിട്ടിരിക്കുന്നത്. ഓപ്പറേഷന് ശേഷം ശരീരത്തിനകത്ത് പുറമേ നിന്നുള്ള വസ്തുക്കള്‍ വച്ച് തുന്നിക്കെട്ടിയ സംഭവങ്ങളും രോഗികള്‍ക്ക് നേരെയുണ്ടായിട്ടുള്ള ലൈംഗിക അതിക്രമങ്ങളും വരെ ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് ( HSE ) ഐറിഷ് ഹോസ്പിറ്റലുകളെക്കുറിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ ഗുരുതരമായ വീഴ്ചകളാണ്.

2014 മാര്‍ച്ച് മുതല്‍ 2015 സെപ്റ്റംബര്‍ വരെയുള്ള 19 മാസക്കാലയളവിലെ ചികിത്സാ പിഴവുകളും ഗുരുതരമായ വീഴ്ചകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ശരിയായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ സ്റ്റാഫ് വരുത്തിയിരിക്കുന്ന 233 ഗുരുതരമായ പിഴവുകള്‍ റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതെന്ന് എച്ച്എസ്ഇ അറിയിച്ചു.

2014 മാര്‍ച്ച് മുതല്‍ 2015 സെപ്്റ്റംബര്‍ വരെയുള്ള കാലയളവില്‍ 100 രോഗികളാണ് മരണമടഞ്ഞത്. 233 കേസുകളില്‍ 174 എണ്ണം രാജ്യത്തെ വിവിധ ഹോസ്പിറ്റലുകളിലും 28 എണ്ണം മെന്റല്‍ ഹെല്‍ത്ത് സര്‍വീസിലും 30 എണ്ണം നഴ്‌സിംഗ് ഹോം അടക്കമുള്ള സോഷ്യല്‍ കെയര്‍ മേഖലകളിലുമാണ് സംഭവിച്ചിരിക്കുന്നത്. മരിച്ചവരില്‍ 16 പേര്‍ കുഞ്ഞുങ്ങളാണ്. അതില്‍ മൂന്നുമരണം നഴ്‌സിംഗ് ഹോമിലാണ് സംഭവിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 12 കേസുകള്‍ രോഗികള്‍ക്ക് നേരയുണ്ടായ ലൈംഗീക അതിക്രമങ്ങളാണ്. ഹോസ്പിറ്റലില്‍ വെച്ച് ജീവനക്കാരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നുമുള്ള ചൂഷണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ആരോഗ്യമേഖലയിലെ ജീവനക്കാരും മാനേജര്‍മാരും റിപ്പോര്‍ട്ട് വിശകലനം ചെയ്ത് എന്താണ് തെറ്റ് സംഭവിക്കാനിടയാക്കിയതെന്ന സാഹചര്യം വിലയിരുത്തി പ്രവര്‍ത്തിക്കണമെന്ന് എച്ച്എസ്ഇ അറിയിച്ചു. ആളുമാറി ഓപ്പറേഷന്‍ ചെയ്ത സംഭവവും, തെറ്റായ ശരീരഭാഗം സര്‍ജറി ചെയ്ത സംഭവവും സര്‍ജറിക്കുശേഷം പുറമേയുള്ള വസ്തുക്കള്‍ ശരീരത്തിനകത്ത് വച്ച് തുന്നിക്കൂട്ടിയ 14 കേസുകളും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ 1.4 മില്യണ്‍ രോഗികളാണ് ഓരോ വര്‍ഷവും ചികിത്സയ്‌ക്കെത്തുന്നത്. ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ 3.2 മില്യണ്‍ രോഗികളും എമര്‍ജന്‍സി വിഭാഗത്തില്‍ 1.2 മില്യണ്‍ രോഗികളും ചികിത്സയ്‌ക്കെത്തുന്നുണ്ട്. മറ്റേണിറ്റി യൂണിറ്റുകളില്‍ ഓരോവര്‍ഷവും 68,000 ശിശുക്കള്‍ ജനിക്കുന്നുണ്ടെന്നും അതിനാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് എച്ച്എസ്ഇ വ്യക്തമാക്കി.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം

http://www.hse.ie/eng/services/publications/corporate/performancereports/sept15ser.pdf

-എജെ-

Share this news

Leave a Reply

%d bloggers like this: