യുഎസ്‌സി വെട്ടിക്കുറയ്ക്കുന്നതാണ് പൊതുമേഖലയിലെ ശമ്പളവര്‍ധനവിനേക്കാള്‍ അഭികാമ്യം

 

ഡബ്ലിന്‍: പൊതുമേഖലയിലെ ശമ്പള വര്‍ധനവിനേക്കാള്‍ ജീവനക്കാരുടെ യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് (യുഎസ്‌സി)വെട്ടിക്കുറയ്ക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് കൂടുതല്‍ മികച്ച മാര്‍ഗമെന്ന് സാമ്പത്തിക വിദഗ്ദ്ധന്‍ ജിം പവര്‍. മാന്ദ്യത്തിന്‍ നിന്ന് സമ്പദ് രംഗം കരകയറുന്ന അവസരത്തില്‍ പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ഇപ്പോഴത്തെ നീക്കത്തേക്കാള്‍ യുഎസ്‌സി നിരക്കുകള്‍ വെട്ടിച്ചുരുക്കുന്ന നടപടികളാണ് കൂടുതല്‍ ഫലപ്രദമെന്ന് ജിം പവര്‍ അഭിപ്രായപ്പെട്ടു. സമ്പദ് രംഗം മെച്ചപ്പെടുമ്പോള്‍, രാഷ്ട്രീയ അസ്ഥിരത സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ അപകടമാണെന്നും ഈ വര്‍ഷം ജിഡിപി വളര്‍ച്ച് 4.5 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അയര്‍ലന്‍ഡ് മാന്ദ്യത്തില്‍ നിന്ന് ശക്തമായ കരകയറുന്നതായാണ് എല്ലാ സാമ്പത്തിക സൂചകങ്ങളും വ്യക്തമാക്കുന്നത്. എന്നിരുന്നാലും സമ്പദ് രംഗത്തിന്റെ തിരിച്ചുവരവില്‍ അലംഭാവം പ്രകടിപ്പിക്കുന്നത് അപകടമാണെന്നു മാത്രമല്ല പൊതുതെരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം അനിവാര്യവുമാണ്. സര്‍ക്കാര്‍ ഖജനാവിലെ പണം പാഴ്‌ചെലവാകുന്നത് ഒഴിവാക്കണമെന്നും രാഷ്ട്രീയ ലാഭത്തിനായി ജനപ്രിയ പദ്ധതികള്‍ നടപ്പാക്കുന്നത് സമ്പദ് രംഗത്തിന്റെ വളര്‍ച്ചയെ അപകടത്തിലാക്കുമെന്നും ചീഫ് ഇക്കണോമിസ്റ്റായ ജിം പവര്‍ വ്യക്തമാക്കുന്നു. പൊതുമേഖലയില്‍ ശമ്പള വര്‍ധന നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആശങ്കയുളവാക്കുന്നതായി പവര്‍ പറയുന്നു. പൊതുമേഖലയിലെ ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാരിന് അമിത ചെലവു വരുത്തുന്നതിനേക്കാള്‍ നല്ലത് കുറഞ്ഞ-ഇടത്തരം വരുമാനക്കാരായവരുടെ നികുതി ഭാരം കുറയ്ക്കുന്നതിന് അനുയോജ്യമായ നടപടികളാണ് കൈക്കൊള്ളേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ പോക്കറ്റില്‍ കൂടുതല്‍ പണമെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം യുഎസ് സി കുറയ്ക്കുകയെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അയര്‍ലന്‍ഡ് സാമ്പത്തികമായി മെച്ചപ്പെട്ടതിനെ തുടര്‍ന്നുള്ള ഏറ്റവും വലിയ ഭീഷണി പൊളിറ്റിക്കലായുള്ളതാണെന്നും ലോക്കലായും യൂറോപ്യന്‍ മോഖലയിലും ഇത് പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 2016 നാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ സുസ്ഥിരമായ ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ വരുമെന്ന കാര്യത്തിന് യാതൊരു ഉറപ്പുമില്ല. ഏതാനും നാളുകളായി അയര്‍ലന്‍ഡിലേക്ക് ഇന്റര്‍നാഷണല്‍ കമ്പനികള്‍ നിക്ഷേപം നടത്തുന്നതിന് എത്തുന്നതിന് പ്രധാനകാരണമായി നിലനിന്നത് രാഷ്ട്രീയ സുസ്ഥിരതയാണ്. സമ്പദ് വ്യവസ്ഥ തകര്‍ന്നതിന് ശേഷം തിരിച്ചുകയറുന്ന കാലഘട്ടം വളരെ നിര്‍ണായകമാണെന്നും ഐറിഷ് വോട്ടര്‍മാര്‍ വളരെ ജാഗ്രത പാലിക്കണമെന്നും രാജ്യത്തിന്റെ പുരോഗതിയ്ക്ക് തുരങ്കം വയ്ക്കരുതെന്നും പവര്‍ പറയുന്നു.

സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് തൊഴില്‍ സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യമെന്നും അയര്‍ലന്‍ഡ് ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലി ലഭിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 2011 ന്റെ ആദ്യ മൂന്നുമാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ 87,700 പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ഓരോ പൗരനും തീരുമാനിക്കണമെന്നും ഉറപ്പുവരുത്തണമെന്നും പവര്‍ പറഞ്ഞു.

-എജെ-

Share this news
%d bloggers like this: