ഒന്നു തോര്‍ന്നു പിന്നേയും കനത്തു

ചെന്നൈ : തമിഴ്‌നാട്ടില്‍ ഇന്നലെ പകല്‍ മഴ തോര്‍ന്നത് വലിയ ആശ്വാസമാണ് ജനങ്ങള്‍ക്കു നല്കിയത്. ചെന്നൈയിലേയും പരിസര പ്രദേശങ്ങളിലേയും ജലനിരപ്പ് താഴ്ന്നു തുടങ്ങിയ സാഹചര്യത്തില്‍ ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയും കോരിച്ചൊരിഞ്ഞു പെയ്ത മഴ വീണ്ടും തമിഴ്‌നാടിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ജലസംഭരണികളിലും നദികളിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്. 260 ലധികം ആളുകള്‍ മഴയുടെ സംഹാര താണ്ഡവത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അടുത്ത ദിവസങ്ങളിലും മഴ ഇതുപോലെ ശക്തമായി തുടരുകയാണെങ്കില്‍ സ്ഥിതിഗതികള്‍ വളരെ മോശമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത 48 മണിക്കൂറുകള്‍ അതിസങ്കീര്‍ണ്ണമാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനിടയില്‍ കനത്ത മഴയില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.

കേന്ദ്രത്തില്‍ നിന്നും തമിഴ്‌നാടിനു 1000 കോടി രൂപ അധികമായി നല്കി. എന്നാല്‍ ദുരന്തബാധിത പ്രദേശങ്ങള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് 5000 കോടി രൂപ സംസ്ഥാനത്തിനു അനുവദിക്കണമെന്നു മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ ഗതാഗത സൗകര്യങ്ങളെല്ലാം താറുമാറായ അവസ്ഥയില്‍ ഒറ്റപ്പെട്ടു കഴിയുകയാണ് ചെന്നൈ നഗരം. നഗരത്തിലെ പല ബഹുനില കെട്ടിടങ്ങളുടേയും ഒന്നാം നില വരെ വെള്ളം കയറിക്കിടക്കുകയാണ്. മുകളിലത്തെ നിലയില്‍ കഴിയുന്ന ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും സൈന്യം ഹെലികോപ്റ്ററില്‍ എത്തിച്ചു കൊടുക്കുകയാണ്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ അപകടാവസ്ഥയില്‍ കഴിയുന്ന പലര്‍ക്കും സൈന്യവുമായോ മറ്റു സേവന ദാതാക്കളുമായോ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.

ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ ആരക്കോണത്തെ സൈനിക വിമാനത്താവളമാണ് ഇപ്പോള്‍ താലകാലികമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷനുകളില്‍ വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടിയില്‍ ഭക്ഷണ സാധ
നങ്ങളുടേയും മറ്റും വില തമിഴ്‌നാട്ടില്‍ കുതിച്ചുയര്‍ന്നു. വെള്ളം കയറി ഭക്ഷ്യ ഉത്പന്നങ്ങള്‍ നശിക്കുകയും ജലനിരപ്പ് ഉയര്‍ന്നത് കൃഷിയെ ബാധിക്കുകയും ചെയ്തതോടെയാണിത്. തമിഴ്‌നാട്ടില്‍ മഴ കനത്തതോടെ കേരളത്തിലും പച്ചക്കറികള്‍ക്കും മറ്റു ഭക്ഷ്യ വസ്തുക്കള്‍ക്കും തീപിടിച്ച വിലയാണ്.

ഡി

Share this news

Leave a Reply

%d bloggers like this: