തൊടുപുഴയില്‍ സ്വകാര്യ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം

തൊടുപുഴ: തൊടുപുഴയില്‍ സ്വകാര്യ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മണക്കാട് പുതുപ്പരിയാരത്തുള്ള സുനിദ്രയുടെ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. ആളപായമുണ്ടായിട്ടില്ല. കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് നിഗമനം.

കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കിടക്കകളും നിര്‍മ്മാണ ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. സ്‌പോഞ്ചും ചകിരിയുമടക്കം എളുപ്പത്തില്‍ തീ പടര്‍ന്നുപിടിക്കുന്ന സാധനങ്ങളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. തീയ്‌ക്കൊപ്പം ഉയര്‍ന്ന കനത്ത പുകയും രക്ഷാപ്രവര്‍ത്തനം. ക്ലേശകരമാക്കി. തൊടുപുഴ, മൂലമറ്റം, കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. നാല്പതോളം ജീവനക്കാരുടെ നേതൃത്വത്തില്‍ പത്തോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് അഞ്ചു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്.

മൂന്നരയ്ക്ക് തീപിടുത്തമുണ്ടായെങ്കിലും നാലരയോടെയാണ് ഫയര്‍ എഞ്ചിനുകള്‍ എത്തിയത്. തീപിടിച്ചതറിഞ്ഞ് ഫാക്ടറിയിലെ ജീവനക്കാര്‍ തൊടുപുഴ ഫയര്‍ ഫോഴ്‌സിനെ വിളിച്ചറിയിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്ദേശമെത്തിയത് എറണാകുളം യൂണിറ്റിലേക്കായിരുന്നു. ഇവിടെ നിന്നും അറിയിച്ചതിനെ തുടര്‍ന്നാണ് തൊടുപുഴ യൂണിറ്റിലെ ജീവനക്കാര്‍ സ്ഥലത്തെത്തിയത്. കഴിഞ്ഞ വര്‍ഷവും ഇവിടെ തീപിടുത്തമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.

Share this news
%d bloggers like this: