അരവിന്ദ് കെജ്രിവാളിന്റെ ഓഫീസിലെ സിബിഐ റെയ്ഡ് കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസിലെ സിബിഐ റെയ്ഡ് കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയല്ലെന്നും സിബിഐയുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും കേന്ദമന്ത്രി വെങ്കയ്യ നായിഡു. എന്ത് വിവാദം ഉണ്ടായാലും അതിലേയ്ക്ക് പ്രധാനമന്ത്രിയെ വലിച്ചിഴയ്ക്കുന്നത് കെജിരിവാളിന്റെ ശീലമാണെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. സിബിഐ എന്നത് സ്വതന്ത്ര ഏജന്‍സിയാണെന്നും സിബിഐയുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

ഇതിനിടെ, അരവിന്ദ് കെജ്രിവാളിന്റെ ഓഫീസ് റെയ്ഡ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി സിബിഐ വൃത്തങ്ങള്‍ രംഗത്തെത്തി. കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിന്റെ ഓഫീസില്‍ മാത്രമാണ് റെയ്ഡ് നടത്തിയതെന്നും രാജേന്ദ്ര കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, സിബിഐ നുണപറയുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലാണ് റെയ്ഡ് നടത്തിയതെന്നും അശുതോഷ് വ്യക്തമാക്കി.

അതേസമയം, റെയ്ഡിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് കെജ്രിവാള്‍ രംഗത്തെത്തി. രാജേന്ദ്ര കുമാറിന്റെ പേരില്‍ തന്റെ ഓഫീസില്‍ പരിശോധന നടത്തുകയാണെന്നും മോഡി ആവശ്യപ്പെട്ടാല്‍ ഏത് ഫയലും താന്‍ ഹാജരാക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. മോഡി ഭീരുവും മനോരോഗിയുമാണെന്നും തന്നെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാലാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

തന്റെ ഓഫീസില്‍ റെയ്ഡ് നടക്കുന്നതായി കെജ്രിവാള്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രാവിലെ ഏഴുമണിയോടെ ആയിരുന്നു റെയ്ഡിനായി സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയതെന്നും മുറി സീല്‍ ചെയ്തിരിക്കുകയാണെന്നും റെയ്ഡിന്റെ കാരണം വ്യക്തമല്ലെന്നും കെജ്രിവാള്‍ ട്വീറ്റില്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: