എന്‍എസ്എസിനെ കാവി പുതപ്പിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

കോട്ടയം: എന്‍എസ്എസിനെ കാവി പുതപ്പിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ വിരട്ടി കാര്യം കാണാമെന്ന് ബിജെപി കരുതേണ്ട. സൗമ്യമായി സമീപിച്ചാല്‍ അതിന്റെ ഫലം കിട്ടുമെന്ന കാര്യം ബിജെപി നേതൃത്വം ഓര്‍ക്കണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ചങ്ങനാശേരി പെരുന്നയില്‍ അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. അതേസമയം എന്‍എസ്എസ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പലതും ഈ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
നെഞ്ച് വിരിച്ചുകാട്ടി എന്‍എസ്എസിനെ ഭയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. സൗമ്യമായി സമീപിക്കുന്നവരെ സഹായിക്കും. എന്‍എസ്എസിന് ഒരു പാര്‍ട്ടിയോടും ചായ് വില്ല. ബിജെപിയിലെ എല്ലാ നേതാക്കള്‍ക്കും ശത്രുതയില്ലെന്നും നേതാക്കള്‍ക്കിയിടയിലെ ന്യൂനപക്ഷമാണ് തങ്ങളോട് ശത്രുത പുലര്‍ത്തുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ കുറിച്ച് ബിജെപി നേതൃത്വം ഇനിയും പഠിക്കാനുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ബിജെപി ഇടപെടേണ്ട കാര്യമില്ല. ബിജെപിയിലെ ഒരു വിഭാഗം എന്‍എസ്എസിനെ മാന്തുന്നു. അവര്‍ എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ അലോസരപ്പെടുത്താന്‍ ശ്രമിക്കുന്നു. സൗമ്യമായി എന്‍എസ്എസിനെ സമീപിച്ചാല്‍ അതിന്റെ ഫലം ബിജെപിക്ക് ലഭിക്കുമെന്ന കാര്യം മറക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Share this news

Leave a Reply

%d bloggers like this: