ബാര്‍ കോഴ കേസ്: മന്ത്രി കെ ബാബു രാജി വച്ചു

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബു രാജി വച്ചു. ബാര്‍ കോഴക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദേശത്തിനു പിന്നാലെയാണ് കെ.ബാബു രാജിവച്ചത്. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്.

ഇന്നു നടന്ന കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് ചടങ്ങില്‍വച്ചു തന്നെ മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിരുന്നതായി ബാബു പറഞ്ഞു. പിന്നീട് മുഖ്യമന്ത്രിക്കു രാജിക്കത്തു കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമാണു തനിക്കെതിരായുണ്ടായ നീക്കമെന്നു ബാബു ആരോപിച്ചു. കഴിഞ്ഞ ഡിസംബര്‍ 15നു ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടിലാണു ബാര്‍ ഉടകമകളും കോടിയേരിയും കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയില്‍ കൂടുതല്‍ മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കണമെന്നു കോടിയേരി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണു ബിജു രമേശ് ആരോപണം ഉന്നയിച്ചതെന്നും ബാബു പറഞ്ഞു.

പൂട്ടിയ ബാറുകള്‍ തുറന്നുകൊടുക്കുമെന്നു ബാര്‍ ഉടമകളുമായി സിപിഎം രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നു ഉറപ്പു നല്‍കാന്‍ സിപിഎം തയാറാണോയെന്നും ബാബു ചോദിച്ചു.

ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി സാവകാശം ആവശ്യപ്പെട്ടു വിജിലന്‍സ് സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണു സര്‍ക്കാരിനും മന്ത്രി ബാബുവിനും കനത്ത തിരിച്ചടി നല്‍കി വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. ഒരു മാസത്തിനകം റിപ്പോര്‍ട്ടു നല്‍കണമെന്നു വിജിലന്‍സിന് അന്ത്യശാസനം നല്‍കുകയും ചെയ്തു.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെയുള്ള ത്വരിതാന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സാവകാശമാവശ്യപ്പെട്ട് ഇന്നു രാവിലെയാണു വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രാഥമിക വിവരങ്ങള്‍ ലോകായുക്തയിലാണെന്നും അതിനാല്‍ സാവകാശം വേണമെന്നുമായിരുന്നു വിജിലന്‍സിന്റെ അപേക്ഷ. ലോകായുക്തയില്‍ നിന്നും പ്രാഥമികാന്വേഷണ ഫയല്‍ ലഭിച്ച് അതിന്മേല്‍ വിശദമായ പരിശോധന വേണ്ടിവരുമെന്നു വിജിലന്‍സ് എസ്പി ആര്‍.നിശാന്തിനി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വിശദീകരിച്ചിരുന്നു. ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഇന്നായിരുന്നു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്.

മന്ത്രിക്കെതിരായ ആരോപണം വിജിലന്‍സ് ഒരിക്കല്‍ അന്വേഷിച്ചതാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളിയായിരുന്നു കോടതി ക്വിക്ക് വെരിഫിക്കേഷന്‍ പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നത്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രമേശില്‍ നിന്നും മന്ത്രി ബാബു 50 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം. ടെലിവിഷന്‍ ചാനലുകളില്‍ ബിജു രമേശ് നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതി. ചാനല്‍ ചര്‍ച്ചകളുടെ സിഡിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

ബാര്‍ കോഴ കേസില്‍ രാജി വെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ. ബാബു. നേരത്തെ കെ.എം മാണി ധനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

എജെ-

Share this news

Leave a Reply

%d bloggers like this: