സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയില്‍ ഉറച്ച് സരിത എസ് നായര്‍

കൊച്ചി: സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയില്‍ ഉറച്ച് സരിത എസ് നായര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പണം വാങ്ങിയിട്ടുണ്ട്. താനും ബിസിനസ് നടത്തുന്നയാളാണ്. കൈക്കൂലി നല്‍കുന്നത് എങ്ങനെയെന്ന് തനിക്കറിയാമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ കാണുമ്പോള്‍ സെല്‍വരാജും ഒപ്പമുണ്ടായിരുന്നു. സോളാര്‍ പദ്ധതിക്ക് വേണ്ടി ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുകയാണ് മുഖ്യമന്ത്രിക്ക് പണമായി നല്‍കിയത്. സോളാര്‍ പദ്ധതിയില്‍ തന്റെ നിക്ഷേപം 10,000 രൂപ മാത്രമായിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം നല്‍കിയിട്ടുണ്ടെന്നും സരിത വ്യക്തമാക്കി.

പൊതുസമൂഹത്തിന് മുന്നില്‍ താന്‍ മാത്രമാണ് എപ്പോഴും ക്രൂശിക്കപ്പെട്ടത്. പലപ്പോഴും കോണ്‍ഗ്രസുകാരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. പക്ഷെ അവര്‍ തന്നെ ഒരു തെരുവുവേശ്യക്ക് തുല്യം ചവിട്ടിത്തേക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിക്കായി ഒരു കോടി പത്തു ലക്ഷം രൂപ സഹായിയായ തോമസ് കുരുവിളയ്ക്ക് കൈമാറിയെന്നായിരുന്നു സോളാര്‍ കമ്മീഷനില്‍ മുന്നില്‍ സരിത മൊഴി നല്‍കിയത്. പണം തോമസ് കുരുവിളയെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. 80 ലക്ഷം രൂപ തിരുവനന്തപുരത്തു വെച്ചും കൈമാറി. 2012 ഡിസംബര്‍ 27നാണ് പണം കൈമാറിയത്. സോളാര്‍ പദ്ധതി നടപ്പിലാക്കാനായി 40 ലക്ഷം രൂപ ആര്യടന്‍ മുഹമ്മദിന് കൈമാറി. അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുന്‍പാണ് പണം നല്‍കിയതെന്നും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: