സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, വി.ടി.ഷിബിന്‍ ലാല്‍ ക്യാപ്റ്റന്‍

സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, വി.ടി.ഷിബിന്‍ ലാല്‍ ക്യാപ്റ്റന്‍

കൊച്ചി: സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്ബിടി താരം വി.ടി.ഷിബിന്‍ ലാല്‍ ടീമിനെ നയിക്കും. ആദ്യമായി സന്തോഷ് ട്രോഫി കളിക്കുന്ന നാലുപേരടക്കം 20 അംഗ ടീമിനെയാണു കോതമംഗലത്തു നടന്ന ക്യാംപിനു ശേഷം പ്രഖ്യാപിച്ചത്.

അഞ്ച് സന്തോഷ് ട്രോഫി ടൂര്‍ണമെന്റുകള്‍ കളിച്ച പരിചയമുള്ള മധ്യനിര താരം ഷിബിന്‍ലാല്‍ കോഴിക്കോട് സ്വദേശിയാണ്. ആറ് സന്തോഷ് ട്രോഫി കളിച്ചു പരിചയമുള്ള വി.വി.സുര്‍ജിത്ത്, ഐ ലീഗിലെ ഭാരത് എഫ്‌സിയുടെ ഗോള്‍ കീപ്പര്‍ എം.ഷഹിന്‍ ലാല്‍ സെന്‍ട്രല്‍ എക്‌സൈസിന്റെ വി.എസ്.അഷ്‌കര്‍ തുടങ്ങിയവര്‍ ഈ വര്‍ഷവും ടീമില്‍ ഇടം നേടിയിട്ടുണ്ട്. കോതമംഗലത്തു സംഘടിപ്പിച്ച ക്യാംപില്‍ നിന്നാണു ടീമിനെ തിരഞ്ഞെടുത്തത്. 33 പേരാണു ക്യാംപിലുണ്ടായിരുന്നത്.

പാലക്കാട് സ്വദേശിയായ കെഎസ്ഇബി താരം എസ്.ഹജ്മലാണു ടീമിലെ ബേബി. ഗോള്‍ കീപ്പറായ ഹജ്മല്‍ ആദ്യമായാണു സന്തോഷ് ട്രോഫി ടീമില്‍ ഇടം നേടുന്നത്. വയനാട് സ്വദേശിയായ സെന്‍ട്രല്‍ എക്‌സൈസ് താരം എന്‍.ബി.മുഹമ്മദ് ഷാഫി, കാസര്‍കോടിന്റെ എ.പ്രവീണ്‍ കുമാര്‍, എം.ഷഹിന്‍ലാല്‍ എന്നിവരും ആദ്യമായാണു സന്തോഷ് ട്രോഫി ടീമില്‍ ഇടം നേടുന്നത്. ഭാരത് എഫ്‌സിയുടെ പരിചയ സമ്പന്നനായ ഗോള്‍ കീപ്പറായ ഷഹിന്‍ലാല്‍ ഇന്റര്‍സ്‌റ്റേറ്റ് ട്രാന്‍സ്ഫര്‍ വഴിയാണു ടീമില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം മുന്നേറ്റ നിരയിലുണ്ടായിരുന്ന എം.ഷൈജുമോന്‍, വി.പി.സുഹൈര്‍ എന്നിവരെ നിലനിര്‍ത്തിയിട്ടുണ്ട്. മുന്‍രാജ്യാന്തര താരങ്ങളായ വി.പി.ഷാജി, സേവ്യര്‍ പയസ്, കെഎഫ്എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം മുഹമ്മദ് സലീം, ചീഫ് കോച്ച് നാരായണ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ടീം തിര!ഞ്ഞെടുപ്പ്.

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനുള്ള ജഴ്‌സി എസ്ബിടി ജനറല്‍ മാനേജര്‍ എസ്.ഹരിശങ്കര്‍ കൈമാറി. കെഎഫ്എ ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍, ചീഫ് കോച്ച് നാരായണ മേനോന്‍ എന്നിവരും പങ്കെടുത്തു. പ്രാഥമിക മത്സരത്തിനായി ടീം ആറിനു ചെന്നൈയിലേക്കു പോകും. രാവിലെ ഏഴിനുള്ള ആലപ്പിധന്‍ബാദ് എക്‌സ്പ്രസില്‍ എറണാകുളത്തു നിന്നാണ് ടീം യാത്ര പുറപ്പെടുന്നത്. തമിഴ്‌നാട്, തെലങ്കാന, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ തുടങ്ങിയ ടീമുകളടങ്ങുന്ന എ ഗ്രൂപ്പിലാണ് കേരളം. ഒന്‍പതിനു ആന്‍ഡമാന്‍ നിക്കോബാറിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

കേരള ടീം: എസ്.ഹജ്മല്‍, വി.മിഥുന്‍, എം.ഷഹിന്‍ലാല്‍ (ഗോള്‍ കീപ്പര്‍മാര്‍), വി.വി.സുര്‍ജിത്ത്, എസ്.ലിജോ, ബി.ടി.ശരത്ത്, രാഹുല്‍ വി.രാജ്, വി,ജി.ശ്രീരാജ്, ഷെറിന്‍ സാം (പ്രതിരോധനിര), ജിജോ ജോസഫ്, വി.കെ.ഷിബിന്‍ലാല്‍, എന്‍.ബി.മുഹമ്മദ് റാഫി, എ.പ്രവീണ്‍കുമാര്‍, വി.എസ്.അഷ്‌കര്‍. (മധ്യനിര), ജിപ്‌സണ്‍ ജസ്റ്റസ്, കെ.ഫിറോസ്, എന്‍.സുമേഷ്, എസ്.സീസണ്‍, വി.പി.സുഹൈര്‍, എം.ഷൈജുമോന്‍ (മുന്നേറ്റ നിര), നാരായണ മേനോന്‍ (ചീഫ് കോച്ച്), ഫിറോസ് ഷെരീഫ് (ഗോള്‍കീപ്പര്‍ കോച്ച്), ഹാരി ബെന്നി (അസിസ്റ്റന്റ് കോച്ച്), ടി.ടി. ഷജില്‍ (ടീം ഫിസിയോ).
-എജെ-

Share this news

Leave a Reply

%d bloggers like this: