പത്താന്‍കോട്ട് ആക്രമണം: മസൂദ് അസറിനെതിരേ തെളിവില്ലെന്നു പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: പത്താന്‍കോട് വ്യോമസേനാകേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പിന്നില്‍ ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറാണെന്ന ഇന്ത്യയുടെ വാദങ്ങളെ തള്ളി പാക്കിസ്ഥാന്‍. ഭീകരാക്രമണം ആസൂത്രണം ചെയ്തതില്‍ അസ്ഹറിന്റെ പങ്കുണ്ടെന്നു തെളിയിക്കാന്‍ സാധിക്കുന്ന യാതൊരു രേഖകളും ലഭിച്ചിട്ടില്ലെന്നു പാക്കിസ്ഥാനിലെ പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ കൈമാറിയിരുന്നു. അസ്ഹറിന്റെ സഹോദരന്‍ റൗഫ് ഉള്‍പ്പെടെ അഞ്ചുപേരാണു പത്താന്‍കോട് ആക്രമണത്തിനുപിന്നിലെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മസൂദിനെയും സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ റൗഫിനെയും അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിരുന്നില്ല.

പത്താന്‍കോട് ആക്രമണത്തിനു നേതൃത്വം നല്‍കിയ തീവ്രവാദികള്‍ക്കെതിരേ നടപടിയെടുക്കാതെ പാക്കിസ്ഥാനുമായുള്ള വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച സാധ്യമാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നു ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയും മാറ്റിവച്ചിരുന്നു. കഴിഞ്ഞ ജനുവരി രണ്ടിനു പത്താന്‍കോട് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തില്‍ ഏഴു സൈനികരാണു മരിച്ചത്. ആറു ഭീകരരെ ഏറ്റുമുട്ടലില്‍ സൈനികര്‍ വധിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: