നവമാധ്യമങ്ങളിലൂടെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെയും അല്‍ക്വയ്ദയുടെയും ആയുധവ്യാപാരം

ലണ്ടന്‍: ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റും അല്‍ക്വയ്ദയും ഭീകരര്‍ ആയുധവ്യാപാരത്തിന് നവമാധ്യമങ്ങളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. വിമാനവേധ റോക്കറ്റ് ലോഞ്ചറുകള്‍ വാങ്ങുന്നതിനായി ഐഎസും അല്‍ക്വയ്ദയും ഫേസ്ബുക്ക് ഉപയോഗിച്ചെന്ന് സൂചന ലഭിച്ചതായി ബ്രിട്ടനില്‍നിന്നുള്ള ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈനിക വിമാനങ്ങളെവരെ വീഴ്ത്താന്‍ ശേഷിയുള്ളയാണ് ഐഎസിന്റെ പക്കലുള്ള റോക്കറ്റ് ലോഞ്ചറുകളെന്നും സൂചനയുണ്ട്. പ്രധാനമായും സിറിയയിലെ ഭീകരരാണ് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നതിനായി ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ആയുധവ്യാപാരത്തിനായി പ്രത്യേക പേജ് ആരംഭിച്ച സിറിയന്‍ ഐഎസ് ഭീകരര്‍ 67,000 ഡോളറിന്റെ ഇടപാടിന്റെ കണക്കുകള്‍ പേജില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ വിവിധ റോക്കറ്റ് ലോഞ്ചറുകളുടെ വിലവിവരങ്ങളും പേജില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഐഎസിന്റെയും അല്‍ക്വയ്ദയുടെയും നീക്കങ്ങളെ തടയുന്നതിനുള്ള ശ്രമങ്ങളുടെ പേരില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക്് സുക്കര്‍ബര്‍ഗിനും ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്‌സിക്കും ഐഎസിന്റെ ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട 25 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് ഐഎസ് ഭീഷണി മുഴക്കിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: