രാജേഷ്…ഫെബ്രുവരി നിങ്ങളെയും വേട്ടയാടിയെങ്കിലും…സംതൃപ്തനായി ഉറങ്ങിക്കൊള്ളൂ

 

സംവിധായകന്‍ രാജേഷ്പിള്ളയുടെ വേര്‍പാട് ഏറെ വേദനിപ്പിക്കുന്നുവെന്ന് നടി മഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു വേദന പങ്കുവെച്ചത്.

മഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ

രാജേഷ്..

ഉറങ്ങിക്കോളൂ..അത്രത്തോളം അധ്വാനിച്ചിട്ടുണ്ട് സിനിമയ്ക്ക് വേണ്ടി നിങ്ങള്‍. എല്ലാ കൈക്കുറ്റപ്പാടുകളും തീര്‍ത്ത്, വിറയ്ക്കുന്ന കൈകൊണ്ട് ആദ്യകോപ്പി ഒപ്പിട്ട് വാങ്ങിയതിനുശേഷമല്ലേ ആശുപത്രിയിലേക്ക് പോയത്; ഒരു സ്രഷ്ടാവിന്റെ എല്ലാ സന്തോഷങ്ങളോടെയും തന്നെയായിരുന്നു അത്. നിങ്ങളാഗ്രഹിച്ചതുപോലെ നമ്മുടെ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നു. ‘ട്രാഫിക്കി’ നുശേഷം രാജേഷ് പിള്ള വീണ്ടും എന്ന് പ്രേക്ഷകര്‍ പറയുന്നു. ഒരുമാത്രനേരത്തേക്കെങ്കിലും കണ്ണുതുറന്നിരുന്നെങ്കില്‍ അറിയാനാകുമായിരുന്നു അതെല്ലാം. ‘വേട്ട’ തുടങ്ങിയപ്പോഴാണ് നിങ്ങള്‍ കണ്ണടച്ചത്. ഒറ്റസങ്കടം മാത്രം. എല്ലാം നിശ്ചയിക്കുന്ന ആ വലിയ സംവിധായകന് നിങ്ങളുടെ ഉറക്കം ഒരുദിവസത്തേക്ക് വൈകിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും സംതൃപ്തനായ മനുഷ്യനായിട്ടാകും നിങ്ങള്‍ ഉറങ്ങാന്‍ കിടന്നിട്ടുണ്ടാകുക.

എന്നെ ‘അനുജത്തീ’ എന്ന് വിളിച്ചത് ഏത് മുജ്ജന്മബന്ധത്തിന്റെ പേരിലാണെന്ന് അറിയില്ല. ഒരുസിനിമയുടെ ഇടവേളയില്‍ ഒരുജീവിതകാലത്തിന്റെ സഹോദരബന്ധമാണ് നിങ്ങളെനിക്ക് നല്കിയത്. തിരുവനന്തപുരത്തെ ആശുപത്രിയിലെ ഐ.സി.യുവില്‍ വച്ച് കൈകള്‍ ചേര്‍ത്ത് പിടിച്ച് നെഞ്ചത്ത് വച്ചപ്പോള്‍…ഒരു കവിള്‍ വെള്ളം പകര്‍ന്ന് തരണമെന്ന് വാശിപിടിച്ചപ്പോള്‍…എന്റെ അനുജത്തിയെന്ന് അവിടെയുണ്ടായിരുന്നവരോടൊക്കെ പറഞ്ഞപ്പോള്‍..ഞാനും അറിഞ്ഞു ജ്യേഷ്ഠതുല്യമായ ഒരു ബന്ധത്തിന്റെ തണുപ്പ്. അത് ഇനിയുള്ള കാലം എന്റെ കൈകളില്‍ ബാക്കിയുണ്ടാകും.

ഇതെഴുതുന്നത് നിങ്ങളുറങ്ങുന്നതിന് അരികെവരെയെത്തി മടങ്ങിപ്പോന്നതിനുശേഷമാണ്. വയ്യ,നിങ്ങളെ കണ്ണടച്ച് കാണാന്‍. മേഘയെ കണ്ടു. ഇനി ഈ അനുജത്തിയുണ്ടെന്ന് വിശ്വസിക്കുക, മേഘക്കൊപ്പം.

രാജേഷ്…
സംതൃപ്തനായി ഉറങ്ങിക്കൊള്ളൂ;ഫെബ്രുവരി നിങ്ങളെയും വേട്ടയാടിയെങ്കിലും…

നിങ്ങളുടെ ‘വേട്ട’ അതിലും എത്രയോ ഉയരെയാണ്….

Share this news

Leave a Reply

%d bloggers like this: