ഡബ്ലിന്‍ ക്രിമിനല്‍ സംഘത്തില്‍ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തു

ഡബ്ലിന്‍: തെക്കന്‍ ഡബ്ലിനിലെ ക്രിമിനല്‍ സംഘത്തിന്റെ വീടുകളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ പണവും വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തു. റെയ്ഡിനെ തുടര്‍ന്ന് 30കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌പെയിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിനഹാന്‍ മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. വീട്ടില്‍ ഒളിപ്പിച്ചിരുന്ന 50,000 യൂറോയാണ് പിടിച്ചെടുത്തത്. കാറുകളുമായി ബന്ധിപ്പിക്കുന്ന ട്രാക്കിംഗ് ഡിവൈസുകളും ഇതിനൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം റീജന്‍സി ഹോട്ടലില്‍ കൊല്ലപ്പെട്ട ഡേവിഡ് ബൈറനുമായി ബന്ധമുള്ള സംഘമാണിതെന്നാണു സൂചന.

മയക്കുമരുന്ന് ക്രിമിനല്‍ സംഘങ്ങളെ ലക്ഷ്യമിട്ട് ഇയാഴ്ച ഗാര്‍ഡ നടത്തുന്ന രണ്ടാമത്തെ ദൗത്യമാണിത്. തെക്കന്‍ ഡബ്ലിനിലെ ഉള്‍പ്രദേശങ്ങളിലുള്ള വീടുകളിലും ഫഌറ്റുകളിലും ഇന്നലെ രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 80ഓളം ഗാര്‍ഡകള്‍ ദൗത്യത്തില്‍ പങ്കെടുത്തു. ഇതോടൊപ്പം എമര്‍ജന്‍സി റെസ്‌പോണ്‍സ് യൂണിറ്റ്, ഡ്രഗ്‌സ് ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം യൂണിറ്റ്, ക്രിമിനല്‍ അസറ്റ്‌സ് ബ്യൂറോ എന്നിവയും ഉള്‍പ്പെട്ട പ്രത്യേക വിഭാഗവും ദൗത്യത്തില്‍ പങ്കെടുത്തു.

ഇക്കഴിഞ്ഞ ബുധനാഴ്ച ഇതേ സംഘത്തിലെ മറ്റ് ചില അംഗങ്ങളുടെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 1 മില്യണ്‍ യൂറോ വിലമതിക്കുന്ന ലക്ഷ്വറി കാറുകളും, പണവും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തിരുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: