ദളിത് സംവരണം ..നിലവിലെ നയം മാറ്റില്ലെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യത്ത് ദളിത് വിഭാഗങ്ങള്‍ക്ക് നിലവിലുള്ള സംവരണ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡോ. ബി.ആര്‍. അംബേദ്ക്കര്‍ തിരിച്ചുവന്ന് ആവശ്യപ്പെട്ടാല്‍ പോലും സംവരണം പിന്‍വലിക്കില്ലെന്നും അദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഡോ. ബി. ആര്‍. അംബേദ്ക്കര്‍ ദേശീയ സ്മാരകത്തിനു തറക്കല്ലിട്ട ശേഷം അംബേദ്ക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി. അംബേദ്കറുടെ സേവനങ്ങളുടെ പൂര്‍ണവിവരം വിവിധ ഭാഷകളില്‍ ഉള്‍ക്കൊള്ളുന്ന വെബ്‌പോര്‍ട്ടലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

അംബേദ്കറിനുള്ള ആദരമായി ഡല്‍ഹിയില്‍ ലോകനിലവാരത്തിലുള്ള സ്മാരകം പണിയും. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, നെല്‍സണ്‍ മണ്ഡേല എന്നിവരെപോലെ വിശ്വപൗരനാണ് ഡോ. ബി ആര്‍ അംബേദ്കര്‍. രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്നു ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദ്കര്‍. ദളിതരുടെ മാത്രം നേതാവായി അദ്ദേഹത്തെ ചിത്രീകരിക്കുന്നത് തെറ്റാണ്. അദ്ദേഹം വിശ്വമാനവനായിരുന്നു. പാവപ്പെട്ടവരുടെയും മധ്യവര്‍ഗക്കാരുടെയും വികസനത്തിനായുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പ്രശംസനീയമായിരുന്നു. രാജ്യത്തിന്റെ ഊര്‍ജ മേഖലയെക്കുറിച്ച് സമുദ്രോത്പന്ന വിഭവങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തമായ ധാരണയുണ്ടായിരുന്നു. പൗരന്മാരെ വിദ്യാഭ്യാസത്തിലൂടെ അവകാശബോധമുള്ളവരാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.’പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. തനിക്കും സര്‍ക്കാറിനുമെതിരേ പ്രതിപക്ഷം അസത്യപ്രചാരമാണ് നടത്തുന്നത്. താന്‍ അധികാരത്തില്‍ എത്തിയത് മുമ്പ് ഭണത്തിലിരുന്നവരെ ചൊടിപ്പിച്ചിരിക്കുകയാണ്. തന്നെ കാണുന്നത് പോലും ചിലര്‍ക്ക് ഇഷ്ടമല്ല. ഇത്തരക്കാരാണ് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിന്റെ മന്ത്രിസഭയില്‍ നിന്ന് ബി.ആര്‍ അംബേദ്ക്കര്‍ രാജിവെച്ചതിന്റെ ചരിത്രം മറച്ചുവെക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. വനിതകള്‍ക്ക് സമത്വമെന്ന വിഷയം ഉയര്‍ന്നുവന്നപ്പോള്‍, അവര്‍ക്കത് ലഭിച്ചില്ലെങ്കില്‍ താന്‍ മന്ത്രിസഭയുടെ ഭാഗമാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത് മനഃപൂര്‍വം അവര്‍ വിസ്മരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: