നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

കൊച്ചി: നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു. ഏറെ കാലമായി ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15ഓടെയായിരുന്നു അന്ത്യം. നമ്മള്‍ എന്ന കമലിന്റെ സിനിമയിലൂടെ ആയിരുന്നു ജിഷ്ണുവിന്റെ കടന്നുവരവ്. നടനും, ഗായകനുമായ രാഘവന്റെ മകനാണ്.

കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായാണ് ജിഷ്ണു സിനിമയിലെത്തിയത്. നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ 2002ല്‍ നായകനായി രണ്ടാം വരവ്. സിനിമയിലെ ശിവന്‍ എന്ന കഥാപാത്രത്തെ മലയാളികളുടെ ഹൃദയങ്ങലില്‍ കൂടുകൂട്ടിയ ജിഷ്ണു നിരവധി സിനിമകളിലൂടെ മലയാളിയുടെ പ്രിയതാരമായി മാറി. ചൂണ്ട, ഫ്രീഡം, പറയാം, നേരറിയാന്‍ സിബിഐ, പൗരന്‍, ചക്കരമുത്ത് തുടങ്ങിയ സിനിമകളിലും അദ്ദേഹം പ്രധാനപ്പെട്ട വേഷങ്ങളിലെത്തി. നടക്കോട്ട് തിരിഞ്ഞാല്‍ നാലമത്തെ വീട് എന്ന സിനിമയിലും നായകനായെത്തി. ഒരിടവേളയ്ക്ക് ശേഷം ഓര്‍ഡിനറി, നിദ്ര, ഉസ്താദ് ഹോട്ടല്‍, ബാങ്കിംഗ് അവേഴ്‌സ് 10 ടു 4 തുടങ്ങിയ സിനിമകളിലും ജിഷ്ണു അഭിനയിച്ചു. 2014ല്‍ പുറത്തിറങ്ങിയ ട്രാഫിക്കാണ് ജിഷ്ണുവിന്റെ അവസാന സിനിമ.

സാമൂഹ്യപ്രതിപദ്ധതയുടെ പ്രതീകമായ ചലച്ചിത്രതാരമായിരുന്ന ജിഷ്ണു, ജൈവ പച്ചക്കറി കൃഷി ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്കും കേരളത്തില്‍ നേതൃത്വം നല്‍കി. ആശുപത്രിവാസവും, രോഗാവസ്ഥയുമെല്ലാം ജനങ്ങളെ ജിഷ്ണു എന്നും അറിയിച്ചുകൊണ്ടിരുന്നു. എഞ്ചിനീയറായ ജിഷ്ണു, കമ്പ്യൂട്ടര്‍ സാക്ഷരത പ്രചാരണത്തിലും ക്രിയാത്മകമായി ഇടപെട്ടിരുന്നു. എന്‍ഐടി കോഴിക്കോട് നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ജിഷ്ണു.നവമാധ്യമങ്ങളിലൂടെ തന്റെ നിലപാടുകള്‍ എന്നും ബോധ്യപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നു. ഏറ്റവുമൊടുവില്‍ വനിതാദിനത്തിലും, ശക്തമായ ഒരു ചോദ്യവുമായി ജിഷ്ണു രംഗത്തെത്തിയിരുന്നു.

കണ്ണൂര്‍ സ്വദേശിയായ ജിഷ്ണു പ്രമുഖ നടന്‍ രാഘവന്റെയും ശോഭയുടെയും മകനാണ്. മദ്രാസിലായിരുന്നു ജിഷ്ണുവിന്റെ വിദ്യാഭ്യാസം. ആര്‍ക്കിടെക്ടായ ധന്യയാണ് ജിഷ്ണുവിന്റെ ഭാര്യ.

Share this news

Leave a Reply

%d bloggers like this: