ഉത്തരാഖണ്ഡിലെ വിശ്വാസ വോട്ടെടുപ്പിന് സ്റ്റേ

 

നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടുന്നതിനു സ്റ്റേ. ഉത്തരാഖണ്ഡ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്ക് ഡിവിഷന്‍ ബെഞ്ചാണു സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ ആറുവരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്നാണു കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഉത്തരാഖണ്ഡില്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയെ തുടര്‍ന്ന് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിരവധി കാര്യങ്ങള്‍ പരിഗണിച്ചുവേണം വിശ്വാസവോട്ടെടുപ്പ് നടത്താനെന്നു കോടതി നിരീക്ഷിച്ചു. ഏപ്രില്‍ ആറിന് വീണ്ടും ഹര്‍ജി പരിഗണിക്കും. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുണ്്ടായ സാഹചര്യം വിശദീകരിക്കാനും കേന്ദ്ര സര്‍ക്കാരിനോടു കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നൈനിറ്റാള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ്. കേന്ദ്രസര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണു കോടതിയില്‍ ഹാജരായത്. രാഷ്ട്രപതി ഭരണത്തിനു കീഴിലുള്ള സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിലൂടെ ഭരണഘടനാപരമായ ഒരു ബാധ്യതയും നിറവേറ്റപ്പെടില്ലെന്ന് റോഹ്തഗി വാദിച്ചു.

നേരത്തെ, സിംഗിള്‍ ബഞ്ചിന്റെ ഉത്തരവില്‍, ഉത്തരാഖണ്ഡ് സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ജ്‌വാള്‍ പുറത്താക്കിയ ഒമ്പതു വിമത എംഎല്‍എമാര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാമെന്നു ജഡ്ജി യു.സി. ധ്യാനി പറഞ്ഞിരുന്നു. തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കേ, തലേദിവസമാണു സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. വിമത എംഎല്‍എമാരെ പുറത്താക്കിയതിനാല്‍ വിശ്വാസവോട്ടില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന അവസ്ഥയുണ്ടായിരുന്നു.

സംസ്ഥാന ബജറ്റ് പാസാക്കാനൊരുങ്ങുമ്പോഴാണു മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള ഒമ്പതു കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിമതശബ്ദമുയര്‍ത്തിയത്. ഒമ്പതു പേര്‍ തങ്ങള്‍ക്കൊപ്പമുള്ളതിനാല്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനെതിരേ മുഖ്യമന്ത്രി ഹരീഷ് റാവത്താണു ഹൈക്കോടതിയെ സമീപിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

70 അംഗ നിയമസഭയില്‍ 36 അംഗങ്ങളുമായാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ നാലുവര്‍ഷം മുമ്പ് അധികാരത്തിലേറിയത്. പുരോഗമന ജനാധിപത്യ സഖ്യത്തിലെ ആറംഗങ്ങളുടെ പിന്തുണയും സര്‍ക്കാരിനുണ്ടായിരുന്നു. ബിജെപിക്ക് 28 അംഗങ്ങളാണുള്ളത്.

-എജെ-

Share this news

Leave a Reply

%d bloggers like this: