യോഗ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരന്‍ ബഹളം വെച്ചു; പൈലറ്റ് വിമാനം തിരിച്ചുവിട്ടു

ഹോണോലുലു: വിമാനയാത്രയ്ക്കിടെ യോഗയും ധ്യാനവും ചെയ്യണമെന്നാവശ്യപ്പെട്ടു യാത്രക്കാരന്‍ ബഹളം വച്ചതിനെ തുടര്‍ന്നു വിമാനം വഴി തിരിച്ചുവിട്ടു. യുഎസില്‍ നിന്നു ജപ്പാനിലേക്ക് പോകുകയായിരുന്ന വിമാനത്തിനുള്ളിലാണ് സംഭവം. യാത്രക്കാരന്റെ ആക്രമണാസക്തമായ പെരുമാറ്റം മൂലം പൈലറ്റ് വിമാനം ഹവായിലെ ഹോണോലുലു വിമാനത്താവളത്തിലേക്കു വഴി തിരിച്ചുവിട്ടു.

ഇക്കഴിഞ്ഞ മാര്‍ച്ച് 26നായിരുന്നു സംഭവം. ഹവായില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചശേഷം മടങ്ങിയ ദക്ഷിണ കൊറിയന്‍ സ്വദേശിയായ ഹോങ്ക്‌തേ പേ(70) ആണ് പ്രശ്‌നം സൃഷ്ടിച്ചത്. വിമാനത്തില്‍ യാത്രക്കാര്‍ ഭക്ഷണം കഴിക്കവേ തനിക്കു യോഗയും ധ്യാനവും ചെയ്യണമെന്നു ആവശ്യപ്പെട്ട് ഇയാള്‍ വിമാനത്തിന്റെ പിറകിലേക്ക് പോയി. എന്നാല്‍ വിമാനത്തിനുള്ളിലിരുന്നു യോഗ ചെയ്യാനാകില്ലെന്നു അധികൃതര്‍ അറിയിച്ചതോടെ ഇയാള്‍ അക്രമാസക്തനായി. യാത്രക്കാര്‍ക്കു നേരെ ആക്രോശിക്കുകയും തടയാന്‍ ശ്രമിച്ച ഭാര്യയെ തള്ളിയിടുകയും ചെയ്തതോടെ പൈലറ്റ് വിമാനം തിരിച്ചുവിട്ടു.

സംഭവത്തില്‍ പേയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മാനസികരോഗ പരിശോധനയ്ക്ക് വിധേയനാകണം, 25,000 ഡോളര്‍ പിഴ നല്‍കണം എന്ന ഉടമ്പടിയില്‍ പിന്നീട് ഇയാളെ യുഎസ് മജിസ്‌ട്രേറ്റ് വിട്ടയ്ച്ചു. ഇയാളെ പുറത്തുവിടുന്നതു പേയുടെ ഭാര്യയ്ക്കും മറ്റുള്ളവര്‍ക്കും അപകടം സൃഷ്ടിക്കുമെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: