ജംഗിള്‍ബുക്കിന് യു/എ സെര്‍ട്ടിഫിക്കറ്റ്; സെന്‍സര്‍ ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: കുട്ടികളില്‍ ആവേശം വിതറി വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍ എത്തുന്ന ജംഗിള്‍ ബുക്കിനെ ചൊല്ലി പുതിയ വിവാദം. സിനിമയ്ക്ക് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത് യു/എ സെര്‍ട്ടിഫിക്കേറ്റാണ്. അതായത് ഈ സിനിമ മുതിര്‍ന്നവരുടെ സാന്നിധ്യത്തിലെ കുട്ടികള്‍ കാണാവു എന്നാണ് നിര്‍ദ്ദേശം. അതായത് മുതിര്‍ന്നവര്‍ക്ക് മാത്രം കാണാവുന്ന എ സര്‍ട്ടിഫിക്കേറ്റിന്റെ തൊട്ട് അടുത്തുള്ള ഗ്രേഡാണിത്. ഒരു കുട്ടികളുടെ ചിത്രത്തിനോട് ഇത്തരത്തിലുള്ള ഒരു നിലപാട് എടുത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

ബോളിവുഡ് നിര്‍മ്മാതാവും നടനുമായ മുകേഷ് ഭട്ടാണ് ഇതിനെതിരെ പരസ്യമായി പ്രതികരിച്ചത്. ‘ജംഗിള്‍ബുക്കിന് യു/എ സെര്‍ട്ടിഫിക്കറ്റ്, ഇന്ത്യയ്ക്ക് തന്നെ നാണക്കേട്’ എന്നായിരുന്നു മുകേഷ് ഭട്ടിന്റെ പ്രതികരണം. നമ്മുടെ രാജ്യ എത്രമാത്രം തരംതാഴ്ന്നു കൊണ്ടിരിക്കുന്നു എന്നതാണ് ഇതു മൂലം വ്യക്തമാകുന്നത്. ജംഗിള്‍ബുക്ക് പോലൊരു ചിത്രത്തിന് ഇത്തരം സര്‍ട്ടിഫിക്കേറ്റ് കൊടുത്ത സെന്‍സര്‍ ബോര്‍ഡിനെകുറിച്ച് സര്‍ക്കാര്‍ കൂടുതലായി ചിന്തിക്കേണ്ടിയിരിക്കുന്നു.സിബിഎഫ്‌സിയെ ചവറ്റുകൊട്ടയില്‍ എറിയുകയാണ് വേണ്ടത്. അവിടെയാണ് അവരുടെ സ്ഥാനമെന്നും മുകേഷ് ഭട്ട് പറഞ്ഞു.

കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോടുള്ള പ്രതിഷേധം വ്യക്തമാക്കി നടന്‍ ആയുഷ്മാന്‍ ഖുരാനയും രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ പല പ്രമുഖ ചലച്ചിത്രകാരന്മാരും ഇപ്പോഴത്തെ സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. കമല്‍ഹാസന്‍ അടക്കമുള്ളവര്‍ ഇത് പലതവണ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഹോളിവുഡ് ചിത്രം ഡെഡ്പൂളിലെ പലരംഗങ്ങളും ഒഴിവാക്കിയ ശേഷമാണ് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്. ഇന്ത്യയുടെ ഈ നടപടി പല അന്തര്‍ദേശിയ മാധ്യമങ്ങളും വാര്‍ത്തായാക്കിയിരുന്നു. ജംഗിള്‍ബുക്ക് വിവാദം ശക്തമായി ഏറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ചലച്ചിത്രലോകം.

Share this news

Leave a Reply

%d bloggers like this: