മെലിയാന്‍ ഓണ്‍ലൈനായി മരുന്നു വാങ്ങി കഴിച്ച യുവാവ് പ്രമേഹം കൂടി മരിച്ചു

 

കട്ടപ്പന: ശരീരഭാരം കുറയ്ക്കാന്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ ഇതൊന്നു വായിക്കുക. ശരീരം മെലിയാന്‍ ഓണ്‍ലൈനായി മരുന്നു വാങ്ങിക്കഴിച്ചിരുന്ന യുവാവ് പ്രമേഹനില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നു മരിച്ചു. തൊടുപുഴ വലിയകണ്ടം രാജശ്രീ ഭവനില്‍ ശശിയുടെ മകന്‍ മനു എസ്. നായരാണു (25) മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചശേഷം മൃതദേഹം പൈനാവ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രമേഹനില കൂടിയതിനാലാണു മരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന.

ആന്തരികാവയവങ്ങളുടെ പരിശോധനകള്‍ക്കായി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കട്ടപ്പനയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മനു. നാലുമാസമായി തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ശരീരം മെലിയാനുള്ള ചികിത്സയിലായിരുന്നുവെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. സ്ഥാപനം നടത്തിയ ക്ലാസുകളില്‍ പങ്കെടുത്തിരുന്ന മനു ഇവരുടെ ചികിത്സാ രീതിയില്‍ ആകൃഷ്ടനായാണു മരുന്നുകള്‍ കഴിച്ചു തുടങ്ങിയതെന്നും സുഹൃത്തുകള്‍ പറയുന്നു. എന്നാല്‍ പിന്നീടു പ്രമേഹത്തിന്റെ തോത് ഉയര്‍ന്നു. പ്രമേഹം കുറയുന്നതിനും തൊടുപുഴയിലെ സ്ഥാപനത്തില്‍ നിന്നു മരുന്നുകള്‍ കഴിച്ചിരുന്നു. ഒരു ഘട്ടത്തില്‍ പ്രമേഹത്തോത് 500 വരെയെത്തി. രണ്ടു മാസത്തിനുള്ളില്‍ മനുവിന്റെ ശരീരഭാരം 90 കിലോഗ്രാമില്‍ നിന്ന് 52 ആയി കുറഞ്ഞു. ബുധനാഴ്ച ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമേഹനില കൂടിയതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രമേഹത്തിനു മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നു പറഞ്ഞ് മനു ആശുപത്രിയില്‍നിന്നു വീട്ടിലേക്കു മടങ്ങി. സ്ഥിതി മോശമായതിനെ തുടര്‍ന്നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അസ്വഭാിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: