ജിഷ വധം: കൊലയാളിയുടെ ഡിഎന്‍എ ഫലം ലഭിച്ചു

കൊച്ചി: ജിഷ വധക്കേസില്‍ നിര്‍ണായകമാകുന്ന കൊലയാളിയുടെ ഡിഎന്‍എ ഫലം  പോലീസിനു ലഭിച്ചു. കൊല്ലപ്പെട്ട സമയത്ത് ജിഷ ധരിച്ചിരുന്ന ചുരിദാറിലും ശരീരത്തില്‍ കടിയേറ്റ ഭാഗങ്ങളില്‍ പറ്റിപ്പിടിച്ച ഉമിനീരില്‍നിന്നുമാണ് ഡിഎന്‍എ വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരുടേതുമായി ഈ ഡിഎന്‍എ ഫലങ്ങള്‍ ചേരുന്നില്ലെന്നാണ് വിവരം.

നേരത്തെ ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ കടിയേറ്റ പാടുകള്‍ക്ക് യോജിച്ച ദന്തഘടനയുള്ളയാളെ കണ്ടെത്തിയിരുന്നു. പല്ലിനു വിടവുള്ള ഇതര സംസ്ഥാന തൊഴിലാളിയാണ് ഇയാളെന്നാണ് വിവരം. പല്ലുകള്‍ക്കിടയില്‍ അസാധാരണ വിടവുള്ളയാളാണ് കടിച്ചതെന്ന് മൃതദേഹത്തിന്റെ ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ബംഗളൂരുവില്‍നിന്നുള്ള ഫൊറന്‍സിക് ഒഡന്റോളജിസ്റ്റിന്റെ സഹായം തേടി. ഈ ദന്തഘടന വികസിപ്പിച്ച് പല്ലുകളുടെ മാതൃക അന്വേഷണസംഘം ഉണ്ടാക്കി. ഇത് ഉപയോഗിച്ചുള്ള പരിശോധനയാണ് ഇതര സംസ്ഥാന തൊഴിലാളിയിലേക്ക് എത്തിയത്. എന്നാല്‍ പോലീസിനു ലഭിച്ച ഡിഎന്‍എ ഫലം ഇയാളുടേതുമായും സാമ്യം കണ്ടെത്താനായില്ല. ഇതോടെ പോലീസ് വീണ്ടും പ്രതിസന്ധിയിലായി.

സംശയം തോന്നുന്നവരുടെ ഡിഎന്‍എ പരിശോധന പെട്ടെന്ന് നടത്താം എന്നതിനാല്‍ പ്രതിയെ എളുപ്പം കണ്ടെത്താന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. കാക്കനാട് ഫോറന്‍സിക് ലാബിലും, തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലുമായി നടത്തിയ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവിലാണ് ഡിഎന്‍എ തെളിവുകള്‍ പോലീസിന് ലഭിച്ചത്.

കത്തി അടക്കം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള മാരകമായ ഒട്ടേറെ മുറിവുകള്‍ ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ആയുധങ്ങളില്‍ ഒരെണ്ണം പോലും പോലീസിന് കണ്ടെത്താനായില്ല. ഇതോടെയാണ് കടിയേറ്റ പാടുകള്‍ മുന്‍നിര്‍ത്തിയുള്ള അന്വേഷണം നടത്തിയത്.

Share this news

Leave a Reply

%d bloggers like this: