ജിഷയുടെ ഡയറി കേന്ദ്രീകരിച്ചും അന്വേഷണം

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് ജിഷയുടെ കൈവശമുണ്ടായിരുന്ന ഡയറി കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. ഡയറിയില്‍ ജിഷ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികളുടെ ഡിഎന്‍എ സാംപിള്‍ പരിശോധിക്കുന്നതിനായി ഇവരുടെ ഉമിനീര്‍ ശേഖരിച്ചതായാണ് വിവരം. അതേസമയം സംഭവ സ്ഥലത്തുനിന്നു കണെ്ടത്തിയ വിരലടയാളം ആരുടേതെന്ന് സ്ഥിരീകരിക്കുന്നതിനായുള്ള അന്വേഷണം ഇന്നലെയും തുടര്‍ന്നു. ഇതുവരെ പ്രദേശവാസികളായ 709 പേരുടെ വിരലടയാളം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

രായമംഗലം പഞ്ചായത്ത് ഒന്ന്, 20 വാര്‍ഡുകളിലെ വിരലടയാളം ശേഖരിക്കല്‍ തുടരുകയാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്താതിരുന്നവരുടെ വിവരങ്ങളും ഇന്നലെ ശേഖരിച്ചു. സംഭവം നടന്ന അന്നുമുതല്‍ പരിസര പ്രദേശങ്ങളില്‍ നിന്നു സ്ഥലം വിട്ടവരുടെ വിവരങ്ങള്‍ നിര്‍മാണ കരാറുകാരില്‍നിന്ന് പോലീസ് ശേഖരിക്കുന്നുണ്ട്. കേസില്‍ ജിഷയുടെ മാതാവിന്റെ മൊഴിയിലെ വൈരുധ്യമാണ് പോലീസിനെ കുഴപ്പിക്കുന്നത്. പലദിവസങ്ങളിലായി മണിക്കൂറുകളോളം ജിഷയുടെ മാതാവ് രാജേശ്വരിയെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും പരസ്പരവിരുദ്ധമായ രീതിയിലാണ് രാജേശ്വരി മൊഴി നല്‍കിയത്. ജിഷയുടെ മാതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യം അന്വേഷണ സംഘം മുന്നോട്ടു വയ്ക്കുന്നുണെ്ടങ്കിലും മനുഷ്യാവകാശ പ്രശനങ്ങളുള്ളതിനാല്‍ അതിനു സാധിക്കാത്ത അവസ്ഥയാണ്.

Share this news

Leave a Reply

%d bloggers like this: