ഗണേഷും വീണാജോര്‍ജ്ജും വിജയിച്ചു

തിരുവനന്തപുരം: യുഡിഎഫ് വന്‍ തോല്‍വി ഏറ്റുവാങ്ങിയ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കളം മാറ്റി ചവിട്ടിയ ശെല്‍വരാജ് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ കക്ഷി മാറി മത്സരിച്ചിട്ടും ഗണേശിനെ പത്തനാപുരം കൈവിട്ടില്ല. മത്സരിച്ച ഒട്ടേറെ പ്രമുഖരെ ജനം കൈ വിട്ടപ്പോള്‍ പുതുമുഖങ്ങളായ അനേകരെ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് പകരക്കാരായി പരീക്ഷിക്കാനും ജനം തയ്യാറായി.

ഫലം വന്നപ്പോള്‍ ആദ്യം തോല്‍വി ഏറ്റുവാങ്ങിയത് കഴിഞ്ഞ തവണ മുന്നണി മാറ്റത്തിലൂടെ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ എത്തി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ശെല്‍വരാജിനായിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നും മത്സരിച്ച സെല്‍വരാജിനെ സിപിഎം സ്ഥാനാര്‍ത്ഥി അന്‍സാലന്‍ 9543 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. തൊട്ടുപിന്നാലെ മുന്നണിമാറ്റം പരീക്ഷിച്ച മറ്റൊരു എംഎല്‍എ ഗണേശ്കുമാറിന്റെ വിജയവാര്‍ത്തയും എത്തി.
ജഗദീഷും ഭീമന്‍രഘുവും എതിരാളികളായ പത്തനാപുരം താരപോരാട്ടത്തിന്റെ പേരിലായിരുന്നു ശ്രദ്ധേയമായത്. നടന്‍ മോഹന്‍ലാല്‍ ഗണേശ്കുമാറിന്റെ പ്രചരണത്തിന് ഇറങ്ങിയതുമായി ബന്ധപ്പെട്ട് ഏറെ വിവാദം ഉണ്ടായെങ്കിലും പത്തനാപുരത്ത് ജഗദീഷിനു സഹപ്രവര്‍ത്തകന്‍ ഗണേശ്കുമാറിനെ പിടികൂടാനായില്ല. 24,562 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഗണേശിന്റെ വിജയം.
അതേസമയം ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളില്‍ ഒന്നായി മാറിയ അഴീക്കോട്ട് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എല്‍ഡിഎഫിന്റെ നികേഷ്‌കുമാറിനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജി വിജയം നിലനിര്‍ത്തി. 2462 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അവസാനഘട്ടത്തിലെ വോട്ടെണ്ണലാണ് ഷാജിക്ക് ഭൂരിപക്ഷം നല്‍കിയത്. എന്നാല്‍ ആറന്മുളയില്‍ മത്സരിച്ച മുന്‍ മാധ്യമപ്രവര്‍ത്തക വീണാജോര്‍ജ്ജ് ഇനി എംഎല്‍എ എന്ന് അറിയപ്പെടും. 7646 വോട്ടുകള്‍ക്ക് സിറ്റിംഗ് എംഎല്‍എ ശിവദാസന്‍ നായരെ വീണാജോര്‍ജ്ജ് പരാജയപ്പെടുത്തി.
കല്‍പ്പറ്റയില്‍ എം വി ശ്രേയാംസ് കുമാര്‍ പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ സി.കെ. ശശിധരന്‍ അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം കുറിച്ചത്. ഇരവിപുരത്ത് മത്സരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍എസ്പിയുടെ എഎ അസീസിനെ സിപിഎമ്മിലെ എം നൗഷാദ് പരാജയപ്പെടുത്തി. 28,803 വോട്ടുകളുടെ ഭുരിപക്ഷമാണ് കിട്ടിയത്. മൂവാറ്റുപുഴയില്‍ മത്സരിച്ച ജോസഫ് വാഴയ്ക്കനും തിരിച്ചടി കിട്ടി. സിപിഐയുടെ എല്‍ദോ ഏബ്രഹാമാണ് പരാജയപ്പെടുത്തിയത്. 9375 വോട്ടിനായിരുന്നു ജയം.
യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് എം ലിജുവും തോല്‍വി ഏറ്റുവാങ്ങി. കായംകുളത്ത് ലിജുവിനെ തോല്‍പ്പിച്ചത് പ്രതിഭാഹരിയായിരുന്നു. 11,857 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രതിഭാഹരി എല്‍ഡിഎഫിന് സീറ്റ് നേടിക്കൊടുത്തത്. തലശ്ശേരിയില്‍ എ പി അബ്ദുള്ളക്കുട്ടിയെ ഡിവൈഎഫ്ഐ നേതാവ് എഎന്‍ ഷംസീറാണ് പരാജയപ്പെടുത്തിയത്. 31,353 വോട്ടുകള്‍ക്കായിരുന്നു ജയം.
എല്‍ഡിഎഫ് സമ്പൂര്‍ണ്ണ വിജയം നേടിയ കണ്ണൂരില്‍ മുന്‍ എംപി കൂടിയായ കെ. സുധാകരനെ സിപിഎമ്മിന്റെ കെ കുഞ്ഞിരാമന്‍ 3832 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. വര്‍ക്കലയില്‍ വര്‍ക്കല കഹാറിനെ 2386 വോട്ടുകള്‍ക്ക് കീഴടക്കി അഡ്വ. വി. ജോയിയാണ് എല്‍ഡിഎഫിസ് സീറ്റ് നേടിക്കൊടുത്തത്. കഴക്കൂട്ടത്ത് സിറ്റിംഗ് എംഎല്‍എ എംഎ വാഹിദില്‍ നിന്നും കടകം പള്ളി സുരേന്ദ്രനിലൂടെ എല്‍ഡിഎഫ് സീറ്റ് തിരിച്ചുപിടിച്ചു.

Share this news

Leave a Reply

%d bloggers like this: