ജപ്പാനില്‍ വന്‍ എംടിഎം കവര്‍ച്ച; രണ്ടരമണിക്കൂറിനിടെ തട്ടിയെടുത്തത് 85 കോടി രൂപ

ടോക്കിയോ: ജപ്പാനില്‍ വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്നും 13 മില്യണ്‍ യുഎസ് ഡോളര്‍(ഏകദേശം 85 കോടി ഇന്ത്യന്‍ രൂപ) കവര്‍ന്നു. രണ്ടര മണിക്കൂറിന്റെ ഇടവേളയില്‍ രാജ്യത്തെമ്പാടുമുള്ള 1400 ഓളം എടിഎം മെഷീനുകളില്‍ നിന്നാണ് പണം കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. കൊള്ളയ്ക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

ദക്ഷിണാഫ്രിക്കന്‍ ബാങ്കിന്റെ 1600 ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ എടിഎം കാര്‍ഡുകള്‍ മോഷ്ടാക്കള്‍ നിര്‍മ്മിച്ചത്. അതിനാല്‍ മോഷ്ടാക്കളെ കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടാനുള്ള ശ്രമത്തിലാണ് പൊലീസ്.

നൂറോളം പേരടങ്ങുന്ന കൊള്ളസംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. മെയ് 15ന് പുലര്‍ച്ചെ അഞ്ചിനും രാവിലെ എട്ടിനും ഇടയിലാണ് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. എടിഎമ്മില്‍ നിന്നും പരമാവധി പിന്‍വലിക്കാവുന്ന 900 ഡോളര്‍(ഏകദേശം 60000 രൂപ) ഓരോ തവണയും എടുത്തിരിക്കുന്നത്. 14000ത്തിലധികം തവണ പണം പിന്‍വലിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

എടിഎമ്മുകളിലുണ്ടായിരുന്ന സിസിടിവി ക്യാമറകള്‍ പരിശോധിച്ച് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ദക്ഷിണാഫ്രിക്കന്‍ ബാങ്കില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഇന്റര്‍പോള്‍ മുഖേന ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായി സഹകരിച്ച് ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: