ഹിരോഷിമ അണുബോംബ് സ്ഫോടനം: മാപ്പു പറയില്ലെന്ന് ഒബാമ

ടോക്കിയോ: ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് ആക്രമണത്തില്‍ താന്‍ ക്ഷമാപണം നടത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. യുദ്ധകാലത്ത് നേതാക്കള്‍ പല തീരുമാനങ്ങളും എടുക്കും. അക്കാര്യങ്ങള്‍ അംഗീകരിക്കുകയാണ് പ്രധാന്യമുള്ളതെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും പരിശോധിക്കുന്നതും ചരിത്രകാരന്മാരുടെ ജോലിയാണ്. പക്ഷേ എല്ലാം ദുഷ്‌കരമായ തീരുമാനങ്ങള്‍ എടുക്കുന്നതും നേതാക്കളുടെ കടമയാണ്. പ്രത്യേകിച്ച് യുദ്ധകാലത്ത്. ഏഴര വര്‍ഷക്കാലം യുഎസ് പ്രസിഡന്റ് സ്ഥാനത്തിരുന്ന ആളെന്ന നിലയില്‍ തനിക്കും ഇക്കാര്യങ്ങള്‍ അറിയാമെന്നും ഒബാമ പറഞ്ഞു.

ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ മാപ്പു പറയണമെന്ന് രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരകള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഹിരോഷിമ സന്ദര്‍ശിക്കുന്ന ഒബാമ, രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക ജപ്പാനെതിരെ അണുബോംബ് പ്രയോഗിച്ചതില്‍ മാപ്പുപറയണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ഒബാമയുടെ പ്രതികരണം.

വരുന്ന 27 നാണ് ഒബാമ ഹിരോഷിമ സന്ദര്‍ശിക്കുന്നത്. ഹിരോഷിമയില്‍ അമേരിക്ക 1945 ല്‍ അണുബോംബ് വര്‍ഷിച്ച ശേഷം ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ഇവിടെ എത്തുന്നത്. ഈ മാസം 21 മുതല്‍ 28 വരെ നീണ്ടു നില്‍ക്കുന്ന ഏഷ്യന്‍ പര്യടനത്തിന്റെ ഭഗമായാണ് ഒബാമ ഹിരോഷിമയില്‍ എത്തുന്നത്.

ഹിരോഷിമയില്‍ 1945 ഓഗസ്റ്റ് ആറിനാണ് അണുബോംബ് വര്‍ഷിക്കപ്പെട്ടത്. ബോംബ് ആക്രമണത്തില്‍ 140, 000 ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ നാഗസാക്കിയിലും അണുബോംബ് വര്‍ഷിക്കപ്പെട്ടു. ദശാബ്ദങ്ങള്‍ക്കു ശേഷമാണ് ഈ ദുരന്തത്തില്‍നിന്നും ജപ്പാന്‍ പൂര്‍ണമായും മുക്തമായത്.

Share this news

Leave a Reply

%d bloggers like this: