സിറിയായില്‍ ഐഎസ് ആക്രമണം: മരണം 145

ഡമാസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രിത മേഖലയില്‍ ഇന്നലെ ഐഎസ് നടത്തിയ സ്‌ഫോടന പരമ്പരയില്‍ കുറഞ്ഞത് 145 പേര്‍ കൊല്ലപ്പെട്ടു. തീരദേശ പട്ടണങ്ങളായ ജബ്‌ലെ, ടാര്‍ട്ടസ് പട്ടണങ്ങളിലാണ് കാര്‍ബോംബ്, ചാവേര്‍ ആക്രമണങ്ങള്‍ നടന്നതെന്നു ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു.

ആശുപത്രികള്‍, ബസ്‌സ്റ്റേഷനുകള്‍ എന്നിവയ്ക്കു നേരേ ആക്രമണമുണ്ടായി. സിറിയന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം ഈ നഗരങ്ങളില്‍ ഇത്രയും രൂക്ഷമായ ആക്രമണം ആദ്യമാണെന്ന് ഒബ്‌സര്‍വേറ്ററി മേധാവി റമി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

ടാര്‍ട്ടസ് പ്രവിശ്യയുടെ തലസ്ഥാനമായ ടാര്‍ട്ടസില്‍ റഷ്യയുടെ നാവികത്താവളമുണ്ട്. ലടാക്കിയ പ്രവിശ്യയിലെ ജെബ്‌ലെയില്‍ റഷ്യയുടെ വ്യോമത്താവളം സ്ഥിതിചെയ്യുന്നു.

തുര്‍ക്കി, ഖത്തര്‍, സൗദി എന്നിവയുടെ പിന്തുണയോടെ ഭീകരര്‍ ആക്രമണം വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് യുഎന്നിന് അയച്ച കത്തില്‍ സിറിയന്‍ വിദേശമന്ത്രാലയം പരാതിപ്പെട്ടു. പ്രസിഡന്റ് അസാദിനു റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അനുശോചന സന്ദേശം അയച്ചു.അസാദിന്റെ അലാവൈറ്റ് സമുദായാംഗങ്ങളെ ലക്ഷ്യംവച്ചാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് ഓണ്‍ലൈനില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

നേരിട്ടുള്ള യുദ്ധത്തിനു പകരം സിവിലിയന്മാരെ വകവരുത്തുന്നതിനാണ് ഐഎസ് തുനിയുന്നതെന്ന് സിറിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഉമ്‌റാന്‍ അല്‍്‌സൗബി ആരോപിച്ചു. ഐഎസിനെതിരേയുള്ള പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: