ഡീസല്‍ വാഹന നിരോധനം വാഹനമേഖല പ്രതിസന്ധിയിലേക്ക്

പാലക്കാട്: കേരളത്തിലെ ആറ് കോര്‍പറേഷനുകളില്‍ പത്തുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചതും 2,000 സി.സി.ക്കുമേല്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ താത്കാലികമായി തടഞ്ഞതും വാഹനമേഖലയെ പ്രതിസന്ധിയിലാക്കും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടി പത്തുലക്ഷത്തിലധികം വാഹനങ്ങളെ ബാധിക്കുമെന്നാണ് ഏകദേശ കണക്ക്.

ട്രൈബ്യൂണലിന്റെ എറണാകുളം സ്പെഷല്‍ സര്‍ക്യൂട്ട് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മാസത്തിനുള്ളില്‍ വിധി നടപ്പാക്കാന്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കിയാല്‍ 10 ലക്ഷത്തിലധികം വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കേണ്ടി വരും. പഴയ വാഹനങ്ങളുടെ വില്പന പൂര്‍ണമായും നിലയ്ക്കും. ലോറി, ബസ്, മിനിവാന്‍, എസ്.യു.വി.കള്‍, ആഡംബരവാഹനങ്ങള്‍ എന്നിവയെയെല്ലാം ഇത് ബാധിക്കും.
കേരളത്തിലുള്ള ചരക്കുവാഹനങ്ങളില്‍ നല്ലൊരുശതമാനവും ഉടമകള്‍തന്നെ ഡ്രൈവര്‍മാരായിട്ടുള്ളതാണ്. സ്വയംതൊഴില്‍ എന്ന നിലയില്‍ ഇവ ഓടിച്ച് ഉപജീവനം നടത്തുന്ന 12 ലക്ഷത്തോളം കുടുംബങ്ങളുണ്ട്. 10വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുമ്പോള്‍ അഞ്ചുലക്ഷംവരെ വില കിട്ടുമായിരുന്നവയ്ക്ക് 50,000രൂപവരെയേ കിട്ടുകയുള്ളൂ. ഈ തുകകൊണ്ട് പുതിയൊരുവാഹനം വാങ്ങാനും കഴിയില്ല. അഞ്ച് ലക്ഷംവരെ വായ്പയെടുത്ത് പഴയ വാഹനങ്ങള്‍ വാങ്ങിയിരുന്നിടത്ത് പുതിയതിന് 15മുതല്‍ 25 ലക്ഷം വരെ മുടക്കണം. വായ്പയെടുത്താല്‍ത്തന്നെ 30,000രൂപവരെ മാസം അടവുവേണ്ടിവരും. ഈ സാഹചര്യത്തില്‍ കനത്ത പ്രതിസന്ധിയാണ് മുന്നിലുള്ളത്.
സംസ്ഥാനത്ത് സ്വകാര്യവാഹനങ്ങളല്ലാത്തവയില്‍ 70 ശതമാനത്തോളത്തിനും വായ്പയുണ്ട്. പലതിനും വാഹനങ്ങള്‍ തന്നെയാണ് ഈട്. അതിനാല്‍ത്തന്നെ പുതിയ സാഹചര്യത്തില്‍ പഴയവാഹനങ്ങളുടെ വായ്പ തിരിച്ചടവ് എത്രത്തോളം ഉണ്ടാവുമെന്നും കണ്ടറിയണം. വര്‍ക്ഷോപ്പുകളെയും ജോലിക്കാരെയും സ്പെയര്‍പാര്‍ട്സ് കടക്കാരെയുമൊക്കെ പുതിയ ഉത്തരവ് പ്രശ്നത്തിലാക്കും.
മലിനീകരണപ്രശ്നം മുന്നില്‍ക്കണ്ടാണ് ഉത്തരവ്. എന്നാല്‍, പെര്‍മിറ്റ് കഴിയുന്ന വാഹനങ്ങളെ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതാണ് ഒറ്റയടിക്ക് നിര്‍ത്തുന്നതിനേക്കാള്‍ ഉചിതമെന്ന് വാഹനയുടമകള്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: