ആഭ്യന്തരമുള്‍പ്പെടെ മൂന്നു വകുപ്പുകള്‍ പിണറായിക്ക്; ഇന്നു വൈകിട്ട് സത്യപ്രതിജ്ഞ

തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും. സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, വിജിലന്‍സ്, ഐടി വകുപ്പുകള്‍ കൈകാര്യം ചെയ്യും. ധനകാര്യംതോമസ് ഐസക്. ഇ.പി.ജയരാജന്‍വ്യവസായം, കായികം. എ.കെ.ബാലന്‍നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം. ടി.പി.രാമകൃഷ്ണന്‍ എക്സൈസ്, തൊഴില്‍. സി.രവീന്ദ്രനാഥ് വിദ്യഭ്യാസം. ജി.സുധാകരന്‍പൊതുമരാമത്ത്, റജിസ്ട്രേഷന്‍. ജെ.മേഴ്സിക്കുട്ടിയമ്മഫിഷറീസ്, പരമ്പരാഗത വ്യവസായം. എ.സി. മൊയ്തീന്‍സഹകരണം, ടൂറിസം. മുന്‍പ് കെ.ടി. ജലീലിനെയായിരുന്നു ടൂറിസം മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് നല്‍കി. ആരോഗ്യംകെ.കെ.ഷൈലജ. കടകംപള്ളി സുരേന്ദ്രന്‍വൈദ്യുതി, ദേവസ്വം.

ഇടതു ഘടകക്ഷികളുടെ വകുപ്പുകളില്‍ കാര്യമായ മാറ്റമുണ്ടായി. ജലവിഭവവകുപ്പ് ജനതാദളി(എസ്)ന്റെ മാത്യു ടി തോമസിന് നല്‍കി. എന്‍സിപിയുടെ എ.കെ.ശശീന്ദ്രനാകും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യുക. വിഎസ് സര്‍ക്കാരിന്റെ കാലത്ത് മാത്യു ടി. തോമസ് ആയിരുന്നു ഗതാഗത മന്ത്രി. കോണ്‍ഗ്രസ് എസ്സിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ദേവസ്വത്തിന് പകരം തുറമുഖ വകുപ്പാണ് നല്‍കിയത്.

സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശ തീരുമാനമായി. ഇ ചന്ദ്രശേഖരന് റവന്യു വകുപ്പും പി.തിലോത്തമന് ഭക്ഷ്യസിവില്‍ സപ്ലൈസും വി.എസ്.സുനില്‍കുമാറിന് കൃഷിവകുപ്പും കെ.രാജുവിന് വനം വകുപ്പോ ലഭിക്കാനാണ് സാധ്യത. സിപിഐയുടെ മന്ത്രിമാരുടെ വകുപ്പുകളാണ് ഇനി അറിയാനുള്ളത്. കഴിഞ്ഞ വിഎസ് സര്‍ക്കാരില്‍ സിപിഐയ്ക്ക് ഉണ്ടായിരുന്ന വകുപ്പുകളില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് സൂചന. 2006ല്‍ കൃഷി (മുല്ലക്കര രത്നാകരന്‍), റവന്യൂ (കെ.പി.രാജേന്ദ്രന്‍), ഭക്ഷ്യവകുപ്പ് (സി.ദിവാകരന്‍), വനം (ബിനോയ് വിശ്വം) എന്നീ വകുപ്പുകളാണ് സിപിഐയ്ക്ക് ലഭിച്ചത്.

മന്ത്രിസഭയുടെ പൂര്‍ണ്ണ രൂപം:

സ്പീക്കര്‍: പി. ശ്രീരാമകൃഷ്ണന്‍

ഡപ്യൂട്ടി സ്പീക്കര്‍: വി.ശശി

സിപിഎം: പിണറായി വിജയന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍ , തോമസ് ഐസക് , കെ.കെ. ശൈലജ , എ.കെ. ബാലന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജി. സുധാകരന്‍ , എ.സി. മൊയ്തീന്‍ , കടകംപള്ളി സുരേന്ദ്രന്‍ , ജെ. മേഴ്സിക്കുട്ടിയമ്മ , തൃശൂര്‍ ജില്ലാകമ്മിറ്റി അംഗം സി. രവീന്ദ്രനാഥ്, ഇടതുസ്വതന്ത്രന്‍ കെ.ടി. ജലീല്‍ , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ടി.പി. രാമകൃഷ്ണന്‍

സിപിഐ: ഇ. ചന്ദ്രശേഖരന്‍ , വി.എസ്. സുനില്‍കുമാര്‍ , പി. തിലോത്തമന്‍ , കെ. രാജു

ജനതാദള്‍ (എസ്): മാത്യു ടി. തോമസ്

എന്‍സിപി: എ.കെ.ശശീന്ദ്രന്‍ വൈകിട്ട് നാലു മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിന്റെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി.

വൈകുന്നേരം മൂന്നരയോടെ സത്യപ്രതിജ്ഞ ചെയ്യേണ്ടവര്‍ പ്രധാന വേദിയില്‍ എത്തിച്ചേരും. 3.50-നു ഗവര്‍ണര്‍ എത്തും. അതിനു പിന്നാലെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ ചീഫ് സെക്രട്ടറി സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കും. ഗവര്‍ണര്‍ അദ്ദേഹത്തിനു സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്നു മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

30,000 പേര്‍ക്കു സത്യപ്രതിജ്ഞ കാണാനുള്ള വിപുലമായ ഒരുക്കങ്ങളാണു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, യാതൊരുവിധത്തിലുള്ള ആര്‍ഭാടങ്ങളും പാടില്ലെന്നുള്ള കര്‍ശന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്കു ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്. തിരക്കുമൂലം സ്റ്റേഡിയത്തിനുള്ളിലേക്കു കടക്കാന്‍ കഴിയാത്തവര്‍ക്കു ചടങ്ങു കാണാനായി പുറത്തു നാലിടത്തു വലിയ എല്‍ഇഡി സ്ഥാപിച്ചിട്ടുണ്ട്. വിഐപികളുടെ വാഹനങ്ങള്‍ മാത്രമേ സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിപ്പിക്കൂ.

മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജനതാദള്‍-എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ഡേവഗൗഡ, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തും. ദേശീയ നേതാക്കള്‍ ആരൊക്കെ എത്തുമെന്നതിനെ സംബന്ധിച്ച അറിയിപ്പൊന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കു ലഭിച്ചിട്ടില്ല.

ഇന്നു വൈകുന്നേരം നടക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ തത്സമയം കാണാം.
www.prd.kerala.gov.in
www.keralacm.gov.in
വെബ്‌സൈറ്റുകളിലൂടെയാണ് സത്യപ്രതിജ്ഞ ലൈവ് സ്ട്രീമിങ് നടത്തുന്നത്.

Share this news

Leave a Reply

%d bloggers like this: