പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്; പ്രതീക്ഷയോടെ പ്രവാസിലോകം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്. ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്. വര്‍ഷങ്ങളായി പ്രവാസികള്‍ ഉന്നയിക്കുന്ന നിരവധി പ്രശ്നങ്ങളില്‍ പിണറായിക്ക് വ്യക്തമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന ശുഭാപ്തിയിലാണ് പ്രവാസലോകം.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന ബുധനാഴ്ച മന്ത്രിമാര്‍ക്ക് വകുപ്പ് നിശ്ചയിച്ചപ്പോള്‍ പ്രവാസികാര്യ വകുപ്പിനെക്കുറിച്ച് പരാമര്‍മൊന്നുമില്ലാഞ്ഞത് പ്രവാസികളെ നിരാശരാക്കിയിരുന്നു. എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഗവര്‍ണറുടെ അംഗീകാരം ലഭിച്ച ശേഷമേ അന്തിമമായി ഉത്തരവ് വരൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് ഔദ്യോഗിക ഉത്തരവ് പുറത്തുവന്നതോടെ പ്രവാസികളുടെ നിരാശ ആഹ്ളാദത്തിന് വഴിമാറി. ഇതാദ്യമായി മുഖ്യമന്ത്രി തന്നെ വകുപ്പ് കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചത് പ്രവാസികളോടുള്ള പ്രത്യേക പരിഗണനയായാണ് വിലയിരുത്തപ്പെടുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വാഗ്ദാനങ്ങള്‍ ഇടംപിടിച്ചിരുന്നു. പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ തീവ്ര ശ്രമം നടത്തുമെന്നും യാത്രാ ദുരിതം പരിഹരിക്കാന്‍ സ്വന്തം വിമാന കമ്പനി ആരംഭിക്കുമെന്നും പ്രവാസികള്‍ക്ക് ക്ഷേമവും പ്രോത്സാഹനവും ഉറപ്പു വരുത്തുന്ന സമഗ്ര നിയമത്തിന് ശ്രമിക്കുമെന്നും പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. പുനരധിവാസം, ഓഹരി നിക്ഷേപം, കേരള വികസന നിധി, ഇന്‍കെല്‍ മാതൃകയില്‍ വ്യവസായ സംരംഭങ്ങള്‍, പ്രവാസി സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കല്‍, വ്യവസായ വികസനം ഉന്നം വെച്ച് ഗള്‍ഫിലുടനീളം കേരള പ്രവാസി വാണിജ്യ ചേമ്പറുകള്‍ , ക്ഷേമ നിധി പെന്‍ഷന്‍ വര്‍ധിപ്പിക്കല്‍, പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതം ഉയര്‍ത്തല്‍, നിര്‍ജീവമായ പലിശ രഹിത സ്ഥാപനത്തിന്റെ പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങളും പ്രകടന പത്രികയിലുണ്ടായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാലതാമസം ഒഴിവാക്കും, ജയിലില്‍ കഴിയുന്നവര്‍ക്കും കേസുകളില്‍ പെട്ടവര്‍ക്കും സഹായത്തിനായി അഭിഭാഷക പാനല്‍ ഉണ്ടാക്കും, നോര്‍ക്കയുമായി നേരിട്ട് സംവദിക്കാന്‍ സൗകര്യമുണ്ടാക്കും തുടങ്ങിയവയും വാഗ്ദാനങ്ങളില്‍പ്പെടുന്നവയാണ്.

പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമാകാന്‍ സാധ്യതയേറെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രത്യേക താല്പര്യമെടുക്കുമെന്നാണ് ലക്ഷക്കണക്കിനുവരുന്ന പ്രവാസി മലയാളികള്‍ പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: