മല്ലുമോദി , മുല്ലപ്പെരിയാറില്‍ വിരുദ്ധ നിലപാട് സ്വീകരിച്ച പിണറായിയെ പരിഹസിച്ച് വിടി ബലറാം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍പത്തേതില്‍ നിന്നും വിരുദ്ധമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. പോസ്റ്റില്‍ മല്ലുമോദി എന്നാണ് പിണറായിയെ ബല്‍റാം വിശേഷിപ്പിച്ചിരിക്കുന്നത്. മുന്‍പ് ഒരു പോസ്റ്റില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ചിന്തയില്‍ നിന്ന് പുറത്തുകടക്കണമെന്നും സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി നിലവിലെ ഡാം ഡീ കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍ഗണന നല്‍കണമെന്നും പറഞ്ഞപ്പോള്‍ തനിക്ക് വന്‍വിമര്‍ശനമാണ് നേരിടേണ്ടി വന്നതെന്ന് പോസ്റ്റില്‍ ബല്‍റാം പറയുന്നു.

ഡാമിന് കീഴില്‍ ചപ്പാത്തില്‍ അഞ്ച് സെന്റ് സ്ഥലവും വീടും തനിക്ക് നല്‍കാമെന്നും അവിടെ താമസിക്കാന്‍ ധൈര്യം ഉണ്ടോ എന്നുമായിരുന്നു അന്ന് ഇഎസ് ബിജിമോള്‍ എംഎല്‍എയുടെ വെല്ലുവിളി. ഏതായാലും ഡാമിന്റെ ഉറപ്പില്‍ സംശയമില്ലാത്ത ഒരാള്‍ എല്ലാം ശരിയാക്കാന്‍ കടന്നുവന്നിരിക്കുന്ന സാഹചര്യത്തില്‍ ആ വീടും സ്ഥലവും എത്രയും പെട്ടെന്ന് മല്ലുമോദിയുടെ പേരില്‍ ബിജിമോള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കാവുന്നതാണെന്ന് ബല്‍റാം കളിയാക്കുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദില്ലിയില്‍ അഭിപ്രായപ്പെട്ടത്. പ്രസ്താവനയ്ക്കെതിരെ മുല്ലപ്പെരിയാര്‍ സമരസമിതിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: