യുവനടിമാര്‍ കൂട്ടത്തോടെ അമ്മമാരാകുന്നു

പത്തും പന്ത്രണ്ടും വയസുള്ള മക്കളുടെ അമ്മമാരായി യുവനടിമാരായ ഭാമയും ഭാവനയും വെള്ളിത്തിരയിലെത്തുന്നു. ശക്തമായ കഥാപാത്രങ്ങളാണ് ഇരുവരും ചെയ്യുന്നത്. വിഎം വിനു ഒരുക്കുന്ന മറുപടി എന്ന ചിത്രത്തില്‍ ഏക മകള്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി മാനസിക വിഭ്രാന്തി ബാധിച്ച സാറയായാണ് ഭാമ അഭിനയിക്കുന്നത്. ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും ശക്തമായ നേര്‍ക്കാഴ്ചയാണ് സാറ. തന്റെ മകളെ നശിപ്പിച്ചവരെ ഒന്നൊന്നായി തകര്‍ക്കുന്നു സാറ. റഹ്മാനാണ് സാറയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. ബേബി നയന്‍താര മകളുടെ വേഷത്തിലും. മറുപടി കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പുരോഗമിക്കുകയാണ്.

കലവൂര്‍ രവികുമാറിന്റെ കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിലാണ് ഭാവന രണ്ടു കുട്ടികളുടെ അമ്മയായി അഭിനയിക്കുന്നത്. വളരെ യാദൃശ്ചികമായി മക്കളില്‍ നിന്നുണ്ടാകുന്ന ഒരു പ്രശ്‌നം അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയും അതില്‍ മനസുരുകുകയും ചെയ്യുന്ന ഷാഹിദ എന്ന കഥാപാത്രമാണ് ഇതില്‍ ഭാവന അവതരിപ്പിക്കുന്നത്. സനൂപും സിദ്ധാര്‍ഥുമാണ് മക്കളായി അഭിയിക്കുന്നത്. ഭര്‍ത്താവായി അനൂപ് മേനോനും. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

റിലീസ് ചെയ്ത റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സ്‌കൂള്‍ ബസില്‍ യുവനടി അപര്‍ണ്ണ ഗോപിനാഥും അമ്മ വേഷത്തിലാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു കുട്ടികളുടെ അമ്മയാണ് അപര്‍ണ്ണ. സംവിധായകന്റെ മകള്‍ ആഞ്ജലീനയും ചിത്രത്തിന്റെ ക്യാമറാമാന്‍ മുരളീധരന്റെ മകന്‍ ആകാശുമാണ് അപര്‍ണ്ണയുടെ മക്കള്‍. ജയസൂര്യയാണ് അപര്‍ണ്ണയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

പൃഥിരാജ് ചിത്രമായ ജെയിംസ് ആന്‍ഡ് ആലീസില്‍ യുവനടി വേദികയും അമ്മ വേഷത്തിലെത്തിയിരുന്നു. ദൃശ്യം, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ജെയിംസ് ആന്‍ഡ് ആലീസ്. പരസ്യചിത്ര നിര്‍മ്മാതാവയ യുവാവായി പൃഥിരാജും എസ്റ്റേറ്റ് ഉടമയുടെ മകളായി വേദികയും അഭിനയിക്കുന്നു. ആലീസ് എന്ന കഥാപാത്രത്തെയാണ് വേദിക അവതരിപ്പിച്ചത്. തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കാന്‍ ചിത്രത്തിനു കഴിഞ്ഞില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: