രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. തീരുമാനം ഐക്യകണ്ഠേനയായിരുന്നുവെന്ന് എഐസിസി നിരീക്ഷക ഷീല ദീക്ഷിത് പറഞ്ഞു. രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്ത കാര്യം ഘടകകക്ഷികളേയും അറിയിച്ചു.

അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം ഉണ്ടായത്.രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പില്‍ തര്‍ക്കമുണ്ടായിരുന്നു. പാര്‍ലമെന്ററി യോഗം ചേരുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതില്‍ കെ മുരളീധരന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്തിലാണ് ഈ നിലപാട് അറിയിച്ചത്.

ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ യോഗം ചേരാനിരിക്കെ അവരുടെ പോലും അറിവില്ലാതെ മൂന്നു പേരെ നേതൃസ്ഥാനത്തേക്കു നിശ്ചയിക്കുന്നതിനെതിരെ ചില മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനു നേരത്തെതന്നെ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കെ മുരളീധരനും അതൃപ്തി അറിയിച്ചത്. ഇന്ദിരാഭവനില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം വൈകിയാണ് പങ്കെടുത്തത്.

Share this news

Leave a Reply

%d bloggers like this: