സിനിമകളുടെ സെന്‍സറിംഗ് നടപടികളില്‍ സമൂല മാറ്റം കൊണ്ടുവരും: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്ന സെന്‍സറിംഗ് നടപടികളില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സെന്‍സറിംഗും സര്‍ട്ടിഫിക്കേഷന്‍ നടപടികളും ഉദാരമാക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

ഉഡ്താ പഞ്ചാബ് എന്ന ബോളിവുഡ് ചിത്രത്തിന് അംഗീകാരം നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വച്ച ഉപാധികള്‍ വിവാദമാവുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് അരുണ്‍ ജയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. ചിത്രം കണ്ടിട്ടില്ലാത്തതിനാല്‍ തല്‍ക്കാലം വിവാദങ്ങളെ കുറിച്ച് അധികം പ്രതികരിക്കാനില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നിലവിലെ ഫിലിം സര്‍ട്ടിഫിക്കേഷന്‍ നടപടികളില്‍ ഒട്ടും തൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഉഡ്ത പഞ്ചാബ്’ എന്ന ഹിന്ദി ചിത്രത്തിലെ 89 രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. ബോര്‍ഡ് റിവ്യൂ കമ്മിറ്റി പാസാക്കിയ ഉത്തരവിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു നിര്‍മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.

പഞ്ചാബിലെ ലഹരി മാഫിയയെക്കുറിച്ചുള്ള ചിത്രം റിലീസ് ചെയ്യണമെങ്കില്‍ പേരിലെ ‘പഞ്ചാബ്’ നീക്കണം, നഗരങ്ങളുടെ പേരുകളും എംഎല്‍എമാരെക്കുറിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചും പറയുന്ന ഭാഗങ്ങളും ഒഴിവാക്കണം തുടങ്ങിയവയാണു നിര്‍ദേശങ്ങള്‍. അകാലിദള്‍ബിജെപി സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് അണിയറപ്രവര്‍ത്തകര്‍ ആഞ്ഞടിച്ചു. നിഹലാനി ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ആരോപണമുണ്ട്.

നിഹലാനി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നു നിര്‍മാതാക്കളിലൊരാളായ സംവിധായകന്‍ അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ പേജിലും പ്രതിഷേധം രേഖപ്പെടുത്തി. ആം ആദ്മി പാര്‍ട്ടിയോട് (എഎപി) ആഭിമുഖ്യം പുലര്‍ത്തുന്ന കശ്യപ് അവര്‍ക്കു വേണ്ടിയാണു സംസാരിക്കുന്നതെന്നാരോപിച്ചു നിഹലാനിയും രംഗത്തെത്തി. ഇതു തള്ളിയ കശ്യപ്, സെന്‍സര്‍ഷിപ്പിനെതിരായ തന്റെ യുദ്ധത്തില്‍ കോണ്‍ഗ്രസും എഎപിയും മറ്റു പാര്‍ട്ടികളും ഇടപെടരുതെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍, പഞ്ചാബ് സര്‍ക്കാരിനെതിരെ എഎപിയും കോണ്‍ഗ്രസും രംഗത്തെത്തി. ചിത്രം നിരോധിച്ചതുകൊണ്ടു പ്രശ്‌നങ്ങള്‍ തീരില്ലെന്നും പരിഹാരം കണ്ടെത്തുകയാണു വേണ്ടതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ബിജെപി നിര്‍ദേശപ്രകാരമാണു നിഹലാനി പ്രവര്‍ത്തിക്കുന്നതെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കുറ്റപ്പെടുത്തി.

കശ്യപ് എഎപിയുടെ പണം വാങ്ങിയെന്നാരോപിച്ച നിഹലാനി മാപ്പു പറയണമെന്നു ബോളിവുഡ് സിനിമാ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ ടീമിന്റെ ചിത്രം 17 നാണു റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ കൂടിയായ മലയാളി രാജീവ് രവിയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: